ഷീനക്കും രാഹുലിനും വിധി മുഖർജി മുന്നറിയിപ്പ് നൽകിയിരുന്നതായി സി.ബി.ഐ
text_fieldsമുംബൈ: ഷീന ബോറക്കും കാമുകൻ രാഹുൽ മുഖർജിക്കും അപായ മുന്നറിയിപ്പ് നൽകി ഇന്ദ്രാണിയുടെ മറ്റൊരു മകൾ വിധി മുഖർജി എസ്.എം.എസ് സന്ദേശം അയച്ചിരുന്നതായി സി.ബി.ഐ. ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജയ് ഖന്നയുടെയും മകളായ വിധി 2011 മാർച്ചിൽ അയച്ച എസ്.എം.എസ് സന്ദേശം കേസിൽ പ്രതികൾക്കെതിരായ നിർണായക തെളിവാണ്. അമ്മ ഇന്ദ്രാണി മുഖർജി ഷീനയെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതിന്‍റെ ഫോൺ സംഭാഷണം കേട്ട വിധിയാണ് ഷീനക്കും രാഹുലിനും സന്ദേശം അയച്ചത്.
‘‘ഷീനയും രാഹുലും സൂക്ഷിക്കണം. എന്തും സംഭവിക്കാൻ സാധ്യതയുണ്ട്. രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഏതുവിധേനയും ഷീനയെ ഇല്ലാതാക്കണമെന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്. ഈ വിവരം ആരോടും പറയരുത്. ഇത് പുറത്തായാൽ എന്നെ തന്നെ ഇല്ലാതാക്കിയേക്കും.-’’ ഇതാണ് ഷീനക്ക് വിധി മുഖർജി അയച്ച എസ്.എം.എസ് സന്ദേശം. കൊലപാതക കേസിൽ സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് എസ്.എം.എസ് സന്ദേശം കോടതിയെ അറിയിച്ചത്.
മുൻ ഭർത്താവ് സിദ്ധാർഥ് ദാസിൽ ഇന്ദ്രാണിക്ക് ജനിച്ച മക്കളാണ് ഷീന ബോറയും മിഖായേലും. മറ്റൊരു ഭർത്താവ് സഞ്ജയ് ഖന്നയിൽ ജനിച്ചതാണ് വിധി മുഖർജി. മൂന്നാമത്തെ ഭർത്താവ് പീറ്റർ മുഖർജിക്ക് മറ്റൊരു ബന്ധത്തിലുള്ള മകനാണ് രാഹുൽ. പ്രണയത്തിലായ ഷീനയും രാഹുലും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. ഈ വിവാഹത്തിന് തടസം നിന്ന ഇന്ദ്രാണി, പീറ്ററിന്‍റെ മുഴുവൻ സ്വത്തും രാഹുലിന് ലഭിക്കുമെന്ന ആശങ്കയിലായിരുന്നു. ഇതാണ് ഷീനയെ കൊലപ്പെടുത്തുന്നതിൽ കലാശിച്ചതെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.