ആട്ട നൂഡ്ൽസിന് ലൈസൻസില്ല; രാംദേവിെൻറ കമ്പനിക്ക് കേന്ദ്ര നോട്ടീസ്
text_fieldsന്യൂഡൽഹി: ലൈസൻസ് ഇല്ലാതെ ആട്ട നൂഡ്ൽസ് വിപണിയിലിറക്കിയതിന് യോഗ ഗുരു ബാബ രാംദേവിെൻറ പതഞ്ജലി ആയുർവേദിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി നോട്ടീസ്. തങ്ങളുടെ അനുമതിയില്ലാതെയാണ് ആട്ട നൂഡ്ൽസ് വിൽക്കുന്നതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ചൂണ്ടിക്കാട്ടി. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. പതഞ്ജലിക്കും നിർമാതാക്കളായ ആകാശ് യോഗക്കും അതോറിറ്റി ചെയർമാനും ആക്ടിംഗ് സി.ഇ.ഒയുമായ ആശിഷ് ബഹുഗുണയാണ് നോട്ടീസ് അയച്ചത്. എഫ്.എസ്.എസ്.എ.ഐയുടെ അനുമതിയില്ലാതെയാണ് ആട്ട നൂഡ്ൽസ് വിൽക്കുന്നതെന്ന് ആശിഷ് ബഹുഗുണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, വിൽപനക്കുള്ള അനുമതിപത്രവും ലൈസൻസും ഉണ്ടെന്നും ഉദ്യോഗസ്ഥതലത്തിലെ ഏകോപനമില്ലായ്മയാണ് പ്രശ്നമെന്നുമായിരുന്നു രാംദേവിെൻറ അവകാശവാദം. തങ്ങളുടെ മാർഗനിർദേശം സംബന്ധിച്ച് എഫ്.എസ്.എസ്.എ.ഐക്ക് വ്യക്തതയില്ലെന്നും രാംദേവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
മാഗി നൂഡ്ൽസ് നിരോധിച്ച തക്കത്തിനാണ് വിപണി പിടിക്കാൻ രാംദേവ് നൂഡ്ൽസ് പുറത്തിറക്കിയത്. ഇൻസ്റ്റൻറ് നൂഡിൽസ് ഉദ്പാദനത്തിന് പ്രത്യേക അനുമതി വേണമെന്നിരിക്കെ മക്രോണി, വെർമിസെല്ലി എന്നിവ ഉദ്പാദിപ്പിക്കാനുള്ള ലൈസൻസ് മറയാക്കിയാണ് ഇൻസ്റ്റൻറ് നൂഡ്ൽസ് വിൽപനയാരംഭിച്ചത്. കേന്ദ്രസർക്കാറിലെ ഉന്നതരും ഉദ്യോഗസ്ഥരും പ്രത്യേകം ക്ഷണിച്ച മാധ്യമപ്രവർത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു വിപണനോദ്ഘാടനം. ലൈസൻസിന് അപേക്ഷ മാത്രം നൽകിയ കമ്പനി ഭക്ഷ സുരക്ഷാ അതോറിറ്റിയുടെ ലൈസൻസ് നമ്പറായി 10014012000266 എന്ന്് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ അംഗീകാരക്കാര്യം തീരുമാനമായിട്ടില്ലാത്ത കമ്പനിക്ക് ലൈസൻസ് നമ്പർ ഉണ്ടെന്ന വാദം തെറ്റാണെന്ന് അതോറിറ്റി ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.