ഷീന ബോറ: ഇന്ദ്രാണിയെ പ്രകോപിപ്പിച്ചത് ഷീനയുടെ പ്രണയവും ഭീഷണിയും
text_fieldsമുംബൈ: ഷീന ബോറയെ കൊല്ലാൻ അമ്മ ഇന്ദ്രാണി മുഖർജിയെ പ്രകോപിപ്പിച്ചത് രാഹുൽ മുഖർജിയുമായുള്ള പ്രണയവും സമ്പത്തിനെ ചൊല്ലിയുള്ള ഭീഷണിയുമെന്ന് സൂചന. ഇന്ദ്രാണിയുടെ ഭർത്താവും സ്റ്റാർ ഇന്ത്യ മുൻ മേധാവിയുമായ പീറ്റർ മുഖർജിയുടെ മകനാണ് രാഹുൽ. നഗരത്തിൽ മൂന്ന് മുറി ഫ്ലാറ്റ് വാങ്ങി സ്വന്തം പേരിലാക്കിയില്ലെങ്കിൽ പൂർവകഥ വെളിപ്പെടുത്തുമെന്ന് ഷീന ബോറ ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
2011ൽ പീറ്റർ മുഖർജിയുടെ സഹോദരെൻറ മകളുടെ വിവാഹത്തിന് വിലക്കിയിട്ടും രാഹുലും ഷീനയും പങ്കെടുത്തത് ശത്രുതയേറ്റി. ഷീനയെ കൊന്ന ശേഷം ഇന്ദ്രാണി പറഞ്ഞതായി ഡ്രൈവർ ശ്യാംവർ റായി നൽകിയ മൊഴിയാണ് മറ്റൊന്ന്. ‘ത്രി ബി എച്ച് കെ ഫ്ലാറ്റ് അവൾക്കിപ്പോ കിട്ടി’ എന്നത്രെ ഇന്ദ്രാണി പറഞ്ഞത്.
രാഹുലുമായുള്ള ബന്ധം ഒഴിവാക്കിയില്ലെങ്കിൽ കുടുംബ സ്വത്തിലും മറ്റും ഷീനക്ക് അവകാശമുണ്ടാകില്ലെന്ന് ഇന്ദ്രാണി ഭീഷണിപ്പെടുത്തിയതിന് സി.ബി.ഐ തെളിവു കണ്ടെത്തിയിട്ടുണ്ട്.
ഇന്ദ്രാണിക്കും തനിക്കുമിടയിൽ വ്യക്തിപരമായ വിഷയമാണെന്നും എന്നാൽ തനിക്കും രാഹുലിനുമെതിരെ അസഭ്യവർഷം നടത്തുന്നത് മതിയാക്കാൻ ഇന്ദ്രാണിയെ ഉപദേശിക്കണമെന്നും ഷീന പീറ്റർ മുഖർജിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതെല്ലാം, ഇ–മെയിലോ എസ്.എം.എസോ വഴിയായിരുന്നു. ഇതിെൻറ പകർപ്പുകൾ സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. 2004ൽ ഡൽഹിയിൽ വാങ്ങിയ ഫ്ലാറ്റിൽ ഇന്ദ്രാണി മകൾ ഷീനയെ പങ്കാളിയാക്കിയിരുന്നു. പീറ്റർ മുഖർജിയും ഇന്ദ്രാണിയും ചേർന്ന് വാങ്ങിയ ഫ്ലാറ്റായിരുന്നു ഇത്. പീറ്റർ പിന്നീട് തെൻറ അവകാശവും ഇന്ദ്രാണിക്കു നൽകി.
അതോടെ, ഇന്ദ്രാണി ഷീനക്കും തുല്യാവകാശം നൽകുകയായിരുന്നു. എന്നാൽ, 2010ൽ ഇന്ദ്രാണി ഫ്ലാറ്റ് ഷീനയുടെ അനുമതിയില്ലാതെ വിറ്റു. ഷീനയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയായിരുന്നു വിൽപന. എന്നാൽ, ഡൽഹി ഫ്ലാറ്റിന് പകരം മുംബൈയിൽ മൂന്ന് മുറി ഫ്ലാറ്റ് തെൻറ പേരിൽ വാങ്ങണമെന്ന് ഷീന നിർബന്ധം പിടിച്ചു.
അട്ടിമറി ശ്രമം; റിപ്പോർട്ട് തേടി
2012ൽ ഷീന ബോറയുടേതെന്നു കരുതുന്ന മൃതദേഹം റായ്ഗഢിലെ ഗാഗൊഡെ ഖുർദ് ഗ്രാമത്തിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിച്ചതിൽ മഹാരാഷ്ട്ര സർക്കാർ ഡി.ജി.പിയിൽനിന്ന് റിപ്പോർട്ട് തേടി. ഈയിടെ വിരമിച്ച ഡി.ജി.പി സഞ്ജീവ് ദയാൽ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് സർക്കാർ തള്ളുകയായിരുന്നു. സഞ്ജീവ് ദയാൽ നൽകിയ ഒരു പേജ് റിപ്പോർട്ട് തൃപ്തികരമല്ലെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി കെ.പി. ഭക്ഷി പറഞ്ഞു.
പുതിയ ഡി.ജി.പി പ്രവീൺ ദീക്ഷിതിനോടാണ് അന്വേഷിച്ച് വിശദ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. അതേസമയം, ഷീന ബോറ കേസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അട്ടിമറിച്ചതായി സി.ബി.ഐ അറിയിച്ചിട്ടില്ലെന്നും കെ.പി. ഭക്ഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.