പറക്കൽ പക്ഷികളുടെ അവകാശമാണോ? സുപ്രീംകോടതി തീരുമാനിക്കും
text_fieldsന്യൂഡൽഹി: കൂട്ടിലടക്കപ്പെട്ട പക്ഷിക്ക് പറക്കാനുള്ള മൗലിക അവകാശം നിഷേധിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
ആകാശത്ത് സ്വതന്ത്രമായി പറക്കുക പക്ഷികളുടെ അവകാശമാണെന്നും അവയെ കൂട്ടിലടക്കാതിരിക്കുന്നതിലൂടെ ഈ സ്വതന്ത്ര്യത്തെ വിലമതിക്കണമെന്നുമുള്ള ഗുജറാത്ത് ഹൈകോടതിയുടെ ഉത്തരവിെൻറ സാധുത പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തു, ജസ്റ്റിസുമാരായ ശിവകീർത്തി സിങ്, അമിതാവ റോയി എന്നിവരടങ്ങുന്ന ബെഞ്ചാണ് തീരുമാനിച്ചത്.
ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് പെറ്റ് ലവേഴ്സ് അസോസിയേഷൻ എന്ന സർക്കാറിതര സംഘടന നൽകിയ ഹരജിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ, അനിമൽ വെൽഫെയർ ബോർഡ്, മൃഗ അവകാശ സർക്കാറിതര സംഘടനകളായ (എൻ.ജി.ഒ) പീപ്ൾ ഫോർ ആനിമൽസ്, സഞ്ജയ് ഗാന്ധി അനിമൽ കെയർ സെൻറർ എന്നിവക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. പക്ഷി വേട്ടക്കാരിൽനിന്ന് 498 പക്ഷികളെ പിടികൂടിയ കേസിലായിരുന്നു ഗുജറാത്ത് ഹൈകോടതി ഉത്തരവ്. ചിറകും വാലും മുറിച്ചും ചിറകിൽ സെലോടേപ് ഒട്ടിച്ചും കാലിൽ ഇരുമ്പ് വളയങ്ങളിട്ടും പറക്കാനാവാത്തവിധമായിരുന്നു ഇവയെ സൂക്ഷിച്ചിരുന്നത്.
പറക്കാനും സ്വാഭാവിക അന്തരീക്ഷത്തിൽ വിഹരിക്കാനുമുള്ള അവയുടെ അവകാശം തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും അവക്ക് അനാവശ്യ വേദനയും ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഓരോ പൗരന്മാരുടെയും ചുമതലയാണെന്നുമായിരുന്നു ഹൈകോടതി വിധി.
എന്നാൽ, ഹൈകോടതി ഉത്തരവ് ദുരുപയോഗം ചെയ്ത് സർക്കാറുകളും എൻ.ജി.ഒകളും വളർത്തുമൃഗ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ജീവികളോട് ക്രൂരത തടയാൻ ആവശ്യത്തിന് വകുപ്പുകളുണ്ടെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടി. പക്ഷികളെയും മൃഗങ്ങളെയും കസ്റ്റഡിയിലെടുക്കുന്നതു സംബന്ധിച്ച് പൊലീസിന് മാർഗനിർദേശങ്ങൾ നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി ഹൈകോടതിയും സമാനമായ മറ്റൊരു കേസിൽ പക്ഷികൾക്ക് മൗലിക അവകാശങ്ങൾ ഉണ്ടെന്ന് വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.