മോദി സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കുന്നു –സച്ചിദാനന്ദന്‍
text_fieldsബംഗളൂരു: ഭരണഘടനയെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് അടിയന്തരാവസ്ഥക്കാലത്ത് ചെയ്തിരുന്നതെങ്കില്‍ ജനാധിപത്യത്തെ ഉപയോഗിച്ച് ഭരണഘടനയെ അട്ടിമറിക്കുകയാണ് മോദി സര്‍ക്കാറെന്ന് സച്ചിദാനന്ദന്‍. ക്ളാസിക്കല്‍ ഫാഷിസത്തിന്‍െറ എല്ലാ ലക്ഷണങ്ങളും സുവ്യക്തമാകുന്ന ഇക്കാലത്ത് ഭരണഘടനയെ സംരക്ഷിക്കാനുള്ള ഏതു ശബ്ദവും വിപ്ളവകരമായ പോരാട്ടമായി മാറുകയാണ്. ജനാധിപത്യവും മതേതരമൂല്യങ്ങളും സംരക്ഷിക്കാന്‍ ഓരോ ദേശാഭിമാനിയും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സേവ് ഇന്ത്യ ഫോറം ബംഗളൂരുവില്‍ സംഘടിപ്പിച്ച ദേശീയ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിദാനന്ദന്‍.
ജനാധിപത്യമൂല്യങ്ങളില്‍ പ്രധാനമായ സംവാദസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിക്കൊണ്ടാണ് മോദിസര്‍ക്കാര്‍ ശക്തിതെളിയിക്കാന്‍ ശ്രമിക്കുന്നത്. എതിരഭിപ്രായമുള്ളവരെ നിശ്ശബ്ദരാക്കുക, വേണ്ടിവന്നാല്‍ കൊലപ്പെടുത്തുക എന്ന പ്രവണത അപകടകരമാംവിധം ശക്തിപ്രാപിച്ചിരിക്കുന്നു.
ജനതയെ വിഭജിച്ച് വിദ്വേഷത്തിന്‍െറ രാഷ്ട്രീയം വളര്‍ത്തുന്നത് മതേതര ഭരണഘടനക്ക് വിരുദ്ധമാണ്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍തന്നെ ഭരണഘടനയെ ബോധപൂര്‍വം അട്ടിമറിക്കുന്ന കാഴ്ചകളാണ് എങ്ങും. പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ഇതിനുള്ള ഉദാഹരണങ്ങളാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. സേവ് ഇന്ത്യ ഫോറം പ്രസിഡന്‍റ് ഗോപാല്‍ മേനോന്‍ അധ്യക്ഷത വഹിച്ചു.
യോഗേഷ് മാസ്റ്റര്‍ രചിച്ച ‘പുരസ്കാര തിരസ്കാര’ എന്ന പുസ്തകം ശശിദേഷ് പാണ്ഡെക്ക് നല്‍കി പ്രഫ. കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു. റഹ്മത്ത് തരിക്കരെ, സതീഷ് ജാവരഗൗഡ, കെ.എം. ഷെരീഫ്, മുദ്ദു തീര്‍ത്തഹള്ളി, വീരണ്ണ മഡിവാള, സംഘമേഷ് മെന്‍സിന്‍കായ, ഹനുമന്ത, ജി.എന്‍. രഘുനാഥ റാവു, അരു ജോലാധ കുഡ്ലികി, ഉച്ചങ്കിപ്രസാദ്, പ്രദീപ് ഉഷസ് എന്നിവര്‍ പങ്കെടുത്തു. യോഗേഷ് മാസ്റ്റര്‍ സ്വാഗതവും ഫാ. മനോഹര്‍ ചന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.