പീഡിപ്പിക്കപ്പെടുന്നുവെന്ന് തോന്നുന്ന മുസ്ലിംകള്‍ക്ക് പാകിസ്താനിലേക്ക് പോകാമെന്ന് അസം ഗവര്‍ണര്‍
text_fieldsഗുവാഹതി: ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് തോന്നുന്ന മുസ്ലിംകള്‍ക്ക് പാകിസ്താനിലേക്ക് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന വിവാദപ്രസ്താവനയുമായി അസം ഗവര്‍ണര്‍ പി.ബി. ആചാര്യ. ‘ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് എവിടെയും പോകാന്‍ സ്വാതന്ത്ര്യമുണ്ട്. ഒട്ടേറെ പേര്‍ പാകിസ്താനിലേക്ക് പോയിട്ടുണ്ട്. പാകിസ്താനിലേക്കോ ബംഗ്ളാദേശിലേക്കോ പോകണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിന് സ്വാതന്ത്ര്യമുണ്ട്’ -പി.ബി. ആചാര്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശത്ത് പീഡിപ്പിക്കപ്പെടുന്ന മുസ്ലിംകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വംശജരായ എല്ലാവരെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ളാദേശിലോ മറ്റ് വിദേശരാജ്യങ്ങളിലോ പീഡിപ്പിക്കപ്പെടുന്ന ആര്‍ക്കും ഇന്ത്യയിലേക്കുവരാന്‍ അവകാശമുണ്ട്. അവരെ സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്. മുസ്ലിംകള്‍ ഉള്‍പ്പെടെ എല്ലാ മതങ്ങളില്‍പെട്ടവര്‍ക്കും ഇന്ത്യയിലേക്കുവരാന്‍ അവകാശമുണ്ട്. എഴുത്തുകാരി തസ്ലീമ നസ്റീന്‍ ഇന്ത്യയിലേക്കുവന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശാലഹൃദയമാണ് ഇന്ത്യക്കുള്ളത്. ലോകത്തെ ഏറ്റവും സഹിഷ്ണുതയുള്ള രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്കുള്ളതാണെന്ന് ശനിയാഴ്ച പുസ്തകപ്രകാശന ചടങ്ങിനിടെ ആചാര്യ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഹിന്ദുസ്ഥാന്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണ് എന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും എവിടെയും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് ഇവിടെ അഭയംതേടാന്‍ അവകാശമുണ്ടെന്നും പിന്നീട് അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.