ആമിര്‍ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
text_fieldsകാണ്‍പൂര്‍: രാജ്യത്തെ അസഹിഷ്ണുതക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ ബോളിവുഡ് താരം ആമിര്‍ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. കാണ്‍പൂര്‍ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. ഈ കോടതിയിലെ മനോജ് കുമാര്‍ ദീക്ഷിത്ത് എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഒന്നിലേക്ക് മാറ്റി. അസഹിഷ്ണുതക്കെതിരായ ആമിര്‍ഖാന്‍െറ പ്രസ്താവന രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് ഹരജിക്കാരന്‍ ചുണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 A ( രാജ്യദ്രോഹം ) 153 A ( മതത്തിന്‍െറ അടിസ്ഥാനത്തില്‍ വിവിധ സംഘങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക ) 153 B ( കുറ്റാരോപണം ) തുടങ്ങിയ വകുപ്പകളനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
വിവാദ പ്രസ്താവനയുടെ പേരില്‍ ആമിര്‍ഖാനെതിരെ ഡല്‍ഹിയിലെ പൊലീസ് സ്റ്റേഷനിലും പരാതി നിലവിലുണ്ട്്. ഇന്ത്യയില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണെന്നും രാജ്യം വിടേണ്ട സാഹചര്യമാണെന്നുമായിരുന്നു ആമിര്‍ഖാന്‍െറ പ്രസ്താവന. ഖാന്‍െറ പ്രസ്താവന നിര്‍ഭാഗ്യവശാല്‍ അറിഞ്ഞോ അറിയാതെയോ ഇന്ത്യയെ വേദനിപ്പിച്ചിരിക്കുകയാണെന്ന് പാര്‍ലമെന്‍്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ആമിര്‍ഖാന്‍െറ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസും പ്രതിപക്ഷവും വിഷയം ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സര്‍ക്കാരിനേയും എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനു പകരം ജനങ്ങളെ അസ്വസ്ഥമാക്കുന്നത് എന്താണെന്ന് പഠിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, സര്‍ക്കാരും ബി.ജെ.പിയും ആമിര്‍ഖാനെതിരെ പരസ്യമായി തന്നെ രംഗത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.