സര്‍ക്കാര്‍ ഉദാസീനതമൂലം അരിമില്ലുടമകള്‍ കൊയ്യുന്നത് കോടികള്‍
text_fieldsന്യൂഡല്‍ഹി: സര്‍ക്കാര്‍ സംഭരിച്ച നെല്ല് അരിയാക്കി മാറ്റാന്‍ ഏല്‍പിക്കുമ്പോള്‍ സ്വകാര്യ മില്ലുകള്‍ നേടുന്നത് കണക്കില്‍പ്പെടാത്ത കോടികള്‍.
രാജ്യത്തെ അരിമില്ലുകള്‍ വര്‍ഷം തോറും പതിനായിരം കോടി രൂപയാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നതെന്ന് വ്യാഴാഴ്ച ആരംഭിക്കുന്ന സമ്മേളനത്തില്‍ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കാനിരിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുത്തി അരിയാക്കുന്നതിനിടെ ലഭിക്കുന്ന തവിട്, ഉമി, പൊടിയരി എന്നിവ സര്‍ക്കാരിന് ചില്ലിക്കാശുപോലും നല്‍കാതെ മറിച്ചുവിറ്റ് പത്തു വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയാണ് വെട്ടിക്കപ്പെട്ടതെന്നും ഏറെ വിവാദം സൃഷ്ടിച്ച 2ജി അഴിമതിയോളം പോന്ന തുകയാണിതെന്നും റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ലഭിച്ച അന്വേഷണാത്മക മാധ്യമ സ്ഥാപനമായ കോബ്രാ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. നിരക്കുനിര്‍ണയത്തിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അപാകതയും അലംഭാവവുമാണ് ഈ നഷ്ടത്തിന് വഴിയൊരുക്കിയത്.
നൂറുകിലോ നെല്ല് അരിയാക്കുമ്പോള്‍ 22 കിലോ ഉമി, എട്ടു കിലോ തവിട്, രണ്ടുകിലോ പൊടിയരി എന്നിങ്ങനെ മില്ലിനു ലഭിക്കും.
ദിവസവും പതിനായിരക്കണക്കിന് കിലോ നെല്ലാണ് മില്ലുകളില്‍ സംസ്കരിക്കുക. ഉപോല്‍പന്നങ്ങള്‍ സംബന്ധിച്ച ഒരു കണക്കും ബോധിപ്പിക്കാതെ അവ മുഴുവന്‍ വില്‍ക്കുമ്പോള്‍ നൂറു കിലോക്ക് ശരാശരി 169 രൂപ മില്ലുടമക്ക് കണക്കില്‍ പെടാത്ത ലാഭമായി ലഭിക്കും.
എന്നാല്‍, ഇവയെ പാഴ്വസ്തുക്കളായി കണക്കാക്കി നിരക്കു നിശ്ചയിക്കാതെ പൂര്‍ണ അവകാശം മില്ലുകാര്‍ക്കു കൊടുക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ കരാറുകള്‍. ഈ ഉദാസീനതക്ക് സി.എ.ജി റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.