ഷീന ബോറ കേസ്: സി.ബി.ഐ ഇന്‍റര്‍പോളിന്‍െറ സഹായം തേടും
text_fieldsമുംബൈ: ഷീന ബോറ വധക്കേസുമായി ബന്ധപ്പെട്ട് പീറ്റര്‍ മുഖര്‍ജിയുടെയും ഇന്ദ്രാണിയുടെയും വിദേശ ബാങ്ക് അക്കൗണ്ടുകളെയും പണമിടപാടുകളെയും കുറച്ച് വിവരം ലഭ്യമാക്കാന്‍ ഇന്‍റര്‍പോളിന്‍െറ സഹായം തേടുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
2006-2007ല്‍ ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന് നിരവധി കമ്പനികള്‍ തുടങ്ങിയിട്ടുണ്ടെന്നും 900 കോടിയോളം രൂപ വകമാറ്റി ഇവയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു. ഷീന ബോറയുടെ സിംഗപ്പൂര്‍ എച്ച്.എസ്.ബി.സി ബാങ്കിലെ അക്കൗണ്ടിലേക്ക് ഇന്ദ്രാണിയും പീറ്ററും പങ്കാളികളായ ഐ.എന്‍.എക്സിന്‍െറ അക്കൗണ്ടില്‍നിന്ന് പണം വകമാറ്റിയിട്ടുണ്ടെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞു.
ഡി.ബി.എസ് ബാങ്കില്‍ ജോലിചെയ്യുന്ന ഗായത്രി അഹുജയാണ് സിംഗപ്പൂര്‍ എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇന്ദ്രാണിയെ സഹായിച്ചത്. ഷീനയുടെ പേരില്‍ വിദേശത്തുള്ള അക്കൗണ്ടുകള്‍ ഇന്ദ്രാണിതന്നെ തുടങ്ങിയതായിരിക്കാമെന്ന് ചോദ്യംചെയ്യലില്‍ പീറ്റര്‍ പറഞ്ഞിരുന്നു. ദമ്പതികളുടെ നയണ്‍ എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍െറ ആഭ്യന്തര ഓഡിറ്റിങ്ങില്‍ ഓഹരി പങ്കാളിത്തമുള്ള ഒമ്പത് കമ്പനികള്‍വഴി ഇന്ദ്രാണിയും പീറ്ററും ഫണ്ട് വകമാറ്റവും തിരിമറികളും നടത്തിയതായി വ്യക്തമായിരുന്നു.
ആദായ നികുതി വകുപ്പും ‘സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസും’ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പീറ്ററിന്‍െറ കസ്റ്റഡി നീട്ടണമെന്ന സി.ബി.ഐ ആവശ്യം അനുവദിച്ച കോടതി നവംബര്‍ 30 വരെ കസ്റ്റഡിയില്‍ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.