ജി.എസ്.ടി: സോണിയക്ക് മോദിയുടെ ക്ഷണം
text_fieldsന്യൂഡല്‍ഹി: ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കുന്നതിന് പിന്തുണ തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ചായ സല്‍ക്കാരത്തിനു ക്ഷണിച്ചു. ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് സഹകരിക്കാതെ പറ്റില്ല. ഇതിന്റെ മുന്നൊരുക്കമായാണ് മോദി പ്രതിപക്ഷ നേതാക്കളെ ചര്‍ച്ചക്ക് ക്ഷണിച്ചത്.
കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ട ഉപാധികള്‍ അംഗീകരിക്കുകയാണെങ്കില്‍ ബില്ലിനെ പിന്തുണക്കുമെന്ന് രാഹുല്‍ഗാന്ധി അറിയിച്ചു. ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുന്നതില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മൂന്ന് ഉപാധികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഒരു ശതമാനം അധികനികുതി നിര്‍മാതാക്കളില്‍നിന്ന് ഈടാക്കാമെന്ന നിര്‍ദേശം ഉപേക്ഷിക്കുക, ജി.എസ്.ടി നിരക്ക് 18 ശതമാനമാക്കി നിജപ്പെടുത്തി ഭരണഘടനാ വ്യവസ്ഥ കൊണ്ടുവരണം, പുതിയ നികുതി സമ്പ്രദായത്തെക്കുറിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്വതന്ത്ര സംവിധാനം രൂപപ്പെടുത്തണം എന്നീ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ഇതിന് സര്‍ക്കാര്‍ വഴങ്ങിയാല്‍ ബില്‍ പാസാക്കാന്‍ സഹകരിക്കാമെന്ന സന്ദേശം നേതൃത്വം കൈമാറിയിട്ടുണ്ട്.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവരെ വ്യാഴാഴ്ച കണ്ടിരുന്നു. എന്നാല്‍, മകളുടെ വിവാഹത്തിന് ക്ഷണിക്കാനുള്ള വ്യക്തിപരമായ സന്ദര്‍ശനമായിരുന്നു ഇതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു. ബില്‍ നടപ്പു സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്ന പ്രത്യാശ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആവര്‍ത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.