Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബേദ്കര്‍ ഇന്ത്യ...

അംബേദ്കര്‍ ഇന്ത്യ വിട്ടുപോയില്ല; ഹിന്ദുമതം വിട്ടിരുന്നു –യെച്ചൂരി

text_fields
bookmark_border
അംബേദ്കര്‍ ഇന്ത്യ വിട്ടുപോയില്ല; ഹിന്ദുമതം വിട്ടിരുന്നു –യെച്ചൂരി
cancel

ന്യൂഡല്‍ഹി: അംബേദ്കര്‍ രാജ്യം വിട്ടുപോയില്ളെന്ന് ആഭ്യന്തരമന്ത്രി പറയുമ്പോള്‍ അദ്ദേഹം ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിച്ചിരുന്നെന്ന് വിസ്മരിക്കരുതെന്നും അസഹിഷ്ണുത തന്നെയായിരുന്നു കാരണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പ്രയാസങ്ങള്‍ നേരിട്ടപ്പോഴും അംബേദ്കര്‍ രാജ്യം വിട്ടുപോകാന്‍ ആഗ്രഹിച്ചിട്ടില്ളെന്ന് ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞിരുന്നു. അസഹിഷ്ണുതാ ചര്‍ച്ചയില്‍ ബോളിവുഡ് താരം ആമിര്‍ ഖാന്‍ പറഞ്ഞത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
അസമത്വം വേഗത്തില്‍ ഇല്ലാതാക്കണമെന്നും അതല്ളെങ്കില്‍ രാജ്യം ദുര്‍ബലപ്പെടുമെന്നും അംബേദ്കര്‍ പറഞ്ഞിരുന്നെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. എന്നാല്‍,  ഇന്ന് രാജ്യത്തെ നൂറ് ശതകോടീശ്വരന്മാര്‍ രാജ്യത്തിന്‍െറ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 50 ശതമാനത്തിലേറെ സ്വന്തമാക്കിയിരിക്കുന്നു. മറുഭാഗത്ത് 90 ശതമാനമാളുകള്‍ പതിനായിരം രൂപ വരുമാനത്തില്‍ കഴിയുന്നു. അസമത്വം കൂടുതല്‍ രൂക്ഷമാക്കുന്ന നയസമീപനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാണ്. എന്നാല്‍, ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ കന്നുകാലി പരിപാലനംപോലെ തങ്ങള്‍ക്ക് താല്‍പര്യമുള്ളത് മാത്രമാണ് സംഘ്പരിവാര്‍ എടുത്തുകാട്ടുന്നത്. മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍  ദുര്‍ബല വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുക, പോഷകാഹാരക്കുറവ് പരിഹരിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങളുണ്ട്. അതൊന്നും ആര്‍.എസ്.എസിന്  താല്‍പര്യമില്ല. ശാസ്ത്രീയ വീക്ഷണത്തെയും മാനവികതയെയും പ്രോത്സാഹിപ്പിക്കണമെന്നും ഭരണഘടന പറയുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി പ്ളാസ്റ്റിക് സര്‍ജറി ഇന്ത്യയുടെ സംഭാവനയാണെന്നും ഗണപതി അതിന് ഉദാഹരണമാണെന്നും പറയുന്ന ആളാണ്. തീവ്ര ഹിന്ദുത്വ അജണ്ട സ്ഥാപിക്കാനാണ് ഗോവധം പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്നത്. ഭരണഘടനാ ശില്‍പിയായ അംബേദ്കറും ഇന്ത്യന്‍ ഭരണഘടനയും വിഭാവനം ചെയ്ത ആശയങ്ങള്‍ക്കും മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ക്കും തീര്‍ത്തും കടകവിരുദ്ധമായ നിലയിലാണ് രാജ്യത്തെ വര്‍ത്തമാനകാല സാഹചര്യം. നവംബര്‍ 26 ഭരണഘടനാദിനമായി പ്രഖ്യാപിച്ച് പുതിയൊരുചടങ്ങിന് കൂടി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. 1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മാണസഭ അംഗീകരിച്ചത് ഭരണഘടനയുടെ കരടാണ്. 1950 ജനുവരി 26നാണ് ഭരണഘടന നിലവില്‍വന്നത്. 1949 നവംബര്‍ 26 മുതല്‍ 1950 ജനുവരി 26 വരെയുള്ള രണ്ട് മാസക്കാലയളവില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കിയ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡസ് നിയമമാണ് രാജ്യത്ത് നിലനിന്നത്. അപ്പോള്‍പിന്നെ നവംബര്‍ 26 എങ്ങനെയാണ് ഭരണഘടനാദിനമായി ആചരിക്കാനാവുകയെന്നും യെച്ചൂരി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechuryintolerance issue
Next Story