‘സാത്താന്‍റെ വചനങ്ങൾ’ നിരോധിച്ചത് തെറ്റായിപ്പോയെന്ന് ചിദംബരം
text_fieldsന്യൂഡൽഹി: സൽമാൻ റുഷ്ദിയുടെ വിവാദ പുസ്തകം ‘സാത്താന്‍റെ വചനങ്ങൾ’ (സാത്തനിക് വേഴ്സസ്) രാജീവ് ഗാന്ധി സർക്കാർ നിരോധിച്ചത് തെറ്റായിപ്പോയെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. 27 വർഷങ്ങൾക്കുശേഷമാണ് രാജീവ് ഗാന്ധി സർക്കാർ സ്വീകരിച്ച നടപടി തെറ്റായിപ്പോയെന്നുള്ള ചിദംബരത്തിന്‍റെ കുറ്റസമ്മതം. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ എന്ത് കൊണ്ടാണിങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് 20 വര്‍ഷം മുമ്പ് നിങ്ങള്‍ ഇക്കാര്യം ചോദിച്ചിരുന്നുവെങ്കിലും ഇങ്ങനെ തന്നെ പറയുമായിരുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന് 1980 ൽ ഇന്ദിരാഗാന്ധി സമ്മതിച്ചിരുന്നു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയാണ് തന്നെ ഇപ്പോള്‍ അലട്ടുന്ന ആഴത്തിലുള്ള പ്രശ്‌നം. ഇടുങ്ങിയ ചിന്താഗതികളുള്ള സമൂഹത്തിലാണ് നാമോരുരുത്തരും ജീവിക്കുന്നത്. ഇപ്പോള്‍ അത് കൂടുതല്‍ ഇടുങ്ങിയിരിക്കുന്നു. എന്നിരുന്നാലും ഇടുങ്ങിയ ചിന്താഗതികള്‍ എല്ലായ്പ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.
1988 ലാണ് 'സാത്താന്റെ വചനങ്ങൾ' നിരോധിച്ചത്. മുസ്‍ലിം വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പുസ്തകം എന്ന കാരണത്താലാണ് രാജീവ് ഗാന്ധി സർക്കാർ പുസ്തകം നിരോധിച്ചത്. അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിദംബരം. സാത്താന്‍റെ വചനങ്ങളി'ലെ മതനിന്ദ ആരോപണത്തിന് റുഷ്ദി പിന്നീട് മാപ്പുപറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.