ജി.എസ്.ടി: കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുന്നുവെന്ന് യെച്ചൂരി
text_fieldsന്യൂഡല്‍ഹി: ചരക്കു സേവന നികുതി ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കാനുള്ള മോദിസര്‍ക്കാറിന്‍െറ അനുനയ ശ്രമങ്ങളില്‍ പുതിയ കല്ലുകടി. പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതൃത്വവുമായി മാത്രം കൂടിയാലോചന നടത്തിയത് സി.പി.എമ്മിനെ ചൊടിപ്പിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്തില്ളെങ്കില്‍ ബില്‍ പാര്‍ലമെന്‍റില്‍ പാസാവില്ളെന്ന് സര്‍ക്കാറിന് താക്കീത് നല്‍കി.
ജി.എസ്.ടി അടക്കം പാര്‍ലമെന്‍റില്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ പാസാക്കുന്നതിന് സഹകരണം തേടി നരേന്ദ്ര മോദി വെള്ളിയാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരെ വസതിയിലേക്ക് ക്ഷണിച്ച് ചായപ്പുറ ചര്‍ച്ച നടത്തിയിരുന്നു. അന്തിമ നിലപാട് അറിയിച്ചിട്ടില്ളെങ്കിലും സര്‍ക്കാറുമായി സഹകരിക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തുവരുകയാണ്. മുതിര്‍ന്ന നേതാക്കളുമായി പാര്‍ട്ടി വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി വിഷയം സംസാരിച്ചുവരുകയുമാണ്. ഇതിനിടെയാണ് യെച്ചൂരി പ്രതിഷേധ സ്വരമുയര്‍ത്തിയത്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കാര്യമായ വ്യത്യാസമില്ളെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഇരുപാര്‍ട്ടികളും നവ ഉദാരീകരണ നയങ്ങളെ കലവറയില്ലാതെ പിന്തുണക്കുന്നവരാണ്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്തും ഒത്തുകളി നടന്നിട്ടുണ്ട്. ജി.എസ്.ടി ബില്‍ സംബന്ധിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ മാത്രമുള്ള ചര്‍ച്ചകളിലൂടെ അതുതന്നെ ആവര്‍ത്തിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു.
ജി.എസ്.ടി വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാറുമായി ചര്‍ച്ചക്ക് തയാറാണ്. അത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറായേ പറ്റൂ. ചായ ചര്‍ച്ചയില്‍ ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുമായുള്ള സന്ധിസംഭാഷണങ്ങളില്‍ വിഷയം പരിഹരിച്ചെടുക്കാമെന്ന് പ്രതീക്ഷിച്ച സര്‍ക്കാറിനെ യെച്ചൂരിയുടെ വാക്കുകള്‍ വെട്ടിലാക്കി. ബില്ലുമായി സഹകരിക്കാനുള്ള സന്നദ്ധത ജെ.ഡി.യു അടക്കം വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തേ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അവരെ മാറ്റിനിര്‍ത്തിയെന്ന പ്രതീതിയാണ്, കോണ്‍ഗ്രസ് നേതൃത്വവുമായി മാത്രം നടത്തിയ കൂടിയാലോചനയിലൂടെ ഉണ്ടായത്. ഇനി മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതൃത്വങ്ങളുമായി ചര്‍ച്ച നടത്താന്‍ മോദിസര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
ഇതിനിടെ, ജി.എസ്.ടി ബില്‍ ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പ്രത്യാശ പ്രകടിപ്പിച്ചു. ബില്ലിനെ തത്ത്വത്തില്‍ അംഗീകരിക്കുന്നുവെന്നാണ് സോണിയ ഗാന്ധി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞതെന്ന് വെങ്കയ്യ വിശദീകരിച്ചു. ഏതാനും ചില ഭേദഗതികള്‍ ആവശ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് ശുഭപ്രതീക്ഷയാണുള്ളത്. എല്ലാവര്‍ക്കും ജി.എസ്.ടി സമ്പ്രദായം വരണമെന്നുണ്ട്. അതിന് നല്ല തുടക്കമിട്ടു. പ്രധാനമന്ത്രിയും സോണിയയുമായുള്ള കൂടിക്കാഴ്ച വളരെ നന്നായി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിന്‍െറ സഹകരണം തേടിയതിനു പിന്നാലെ, തുടര്‍നിലപാട് രൂപപ്പെടുത്താന്‍ വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന നടത്തിവരുകയാണ്.
ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശനിയാഴ്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി. തുടര്‍നിലപാട് അറിയിക്കാമെന്ന് കഴിഞ്ഞ ദിവസത്തെ ചായപ്പുറ ചര്‍ച്ചയില്‍ സോണിയയും മന്‍മോഹനും മോദിക്ക് ഉറപ്പുനല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.