വ്യാജ ഏറ്റുമുട്ടലുകള്‍ നഷ്ടപരിഹാരം കൊണ്ട് തീര്‍പ്പാക്കിയാല്‍ പോരാ –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുന്ന സൈനികരെ പ്രോസിക്യൂഷന് വിധേയമാക്കുകയാണ് വേണ്ടതെന്നും കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കി പ്രശ്നം അവസാനിപ്പിച്ചാല്‍ പോരെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. വ്യാജ ഏറ്റുമുട്ടലിലൂടെ നിരപരാധികളെ സഹപ്രവര്‍ത്തകര്‍ കൊല്ലുന്നതിന് ദൃക്സാക്ഷിയാകുന്ന സൈനികരും പൊലീസുകാരും എന്തുകൊണ്ട് മൊഴി നല്‍കുന്നില്ളെന്ന് സുപ്രീംകോടതി ചോദിച്ചു. മൊഴി നല്‍കത്തതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് ജഡ്ജിമാരടങ്ങുന്ന രണ്ട് പാനലുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി വ്യാജ ഏറ്റുമുട്ടലുകള്‍ക്കുനേരെ ആഞ്ഞടിച്ചത്.
നിങ്ങള്‍ 10 പേരെ കൊല്ലുന്നു, നഷ്ടപരിഹാരം നല്‍കുന്നു, വിഷയം അവസാനിക്കുന്നു. ഇതിനേക്കാള്‍ കൃത്യം ചെയ്ത സൈനികര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി എടുക്കുകയാണ് ഉത്തമം. ഏറ്റുമുട്ടലില്‍ ആളുകള്‍ പിറകില്‍ വെടിയേറ്റു മരിക്കുന്നതെങ്ങനെയാണെന്ന് അദ്ഭുതം തോന്നുന്നെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ അറ്റോണി ജനറല്‍ മുകുള്‍ രോത്തഗിയോട് പറഞ്ഞു. സാക്ഷികളെല്ലാം ഭയന്നാണോ ഇങ്ങനെ ചെയ്യുന്നത്? കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോ മറ്റു സാക്ഷികളോ ഭയം കൊണ്ട് സഹകരിക്കാതിരിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ സേനയിലുള്ളവരും ഭയമുള്ളവരാണോയെന്നും സുപ്രീംകോടതി ചോദിച്ചു.
വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ സൈനികരെ പ്രോസിക്യൂഷന് വിധേയമാക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ അന്വേഷണത്തില്‍നിന്ന് ഓടിയൊളിക്കുന്നില്ളെന്നായിരുന്നു മുകുള്‍ രോത്തഗിയുടെ പ്രതികരണം. സേനക്ക് കീഴില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്ന അന്വേഷണ കോടതിയില്‍ ഒരു മേജര്‍ ജനറലും രണ്ട് ബ്രിഗേഡിയര്‍മാരുമുണ്ടായിരിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അന്വേഷണത്തിന് സംവിധാനം ഒരുക്കുമെന്ന് പറഞ്ഞ രോത്തഗി തങ്ങള്‍ തീവ്രവാദ വിരുദ്ധ ഓപറേഷനിലാണ് എന്ന് കോടതി ഓര്‍ക്കണമെന്ന് കൂട്ടിച്ചേര്‍ത്തു. അതിനാല്‍, സൈന്യത്തിന്‍െറ ഒരു നിരയെ ഒന്നാകെ പ്രോസിക്യൂഷന് വിധേയമാക്കാന്‍ കഴിയിലെന്നും പറഞ്ഞു.
മണിപ്പൂരില്‍ 35 വര്‍ഷത്തിനിടയില്‍ നടന്ന 1700 വ്യാജ ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടും ഈ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സേനാധികാര നിയമം പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചും സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് രണ്ട് മുന്‍ ജഡ്ജിമാരടങ്ങുന്ന രണ്ട് സമിതികളെ സുപ്രീംകോടതി അന്വേഷണത്തിന് നിയോഗിച്ചിരുന്നു. ആ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. 2013ല്‍ സുപ്രീംകോടതി നിയോഗിച്ച ഹെഗ്ഡെ കമീഷന്‍ മണിപ്പൂരിലെ ആറ് വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ആറും വ്യാജമാണെന്ന് കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.