ലോക്പാല്‍: കരട് റിപ്പോര്‍ട്ട് തയാര്‍
text_fieldsന്യൂഡല്‍ഹി: ലോക്പാല്‍ ആന്‍ഡ് ലോക്പാല്‍ ഭേദഗതി ബില്‍ സംബന്ധിച്ച പാര്‍ലമെന്‍ററി സെലക്ട് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് തയാറായി. അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 10നകം രാജ്യസഭയില്‍ സമര്‍പ്പിക്കുമെന്ന് സമിതി അധ്യക്ഷന്‍ കോണ്‍ഗ്രസ് രാജ്യസഭാംഗം ഇ.എന്‍. സുദര്‍ശന നാച്ചിയപ്പന്‍ പറഞ്ഞു.
2014 ഡിസംബറില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷത്തിന്‍െറ ആവശ്യപ്രകാരം സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരുന്നു. 2015 മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സമിതിയോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, മൂന്നു തവണ കാലാവധി നീട്ടിയ സമിതി ഒരു വര്‍ഷത്തോളം ചര്‍ച്ചചെയ്തശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കരട് റിപ്പോര്‍ട്ട് സമിതി അംഗങ്ങള്‍ക്കിടയില്‍ ഉടന്‍ വിതരണം ചെയ്യും. അംഗങ്ങളുടെ അഭിപ്രായംകൂടി അറിഞ്ഞശേഷമാകും അന്തിമ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുക. 31 അംഗങ്ങളാണ് പാര്‍ലമെന്‍ററി കമ്മിറ്റിയിലുള്ളത്. നിലവിലുള്ള ഭേദഗതി നിയമത്തില്‍ പാര്‍ലമെന്‍ററി സമിതി വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമല്ല.
അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ ലോക്പാല്‍ നിയമം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഹസാരെയും സംഘവും മുന്നോട്ടുവെച്ച ജന്‍ലോക്പാല്‍ ബില്ലിലെ കര്‍ക്കശമായ വ്യവസ്ഥകള്‍ പലതും ഒഴിവാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഹസാരെയുമായി തെറ്റിപ്പിരിഞ്ഞ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായ ഡല്‍ഹി മന്ത്രിസഭ പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ലോക്പാല്‍ ബില്‍ പാര്‍ലമെന്‍റ് മുമ്പാകെ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.