രാജിവെക്കുന്നതിനെക്കുറിച്ച് കലാം ആലോചിച്ചു
text_fieldsഭുവനേശ്വര്‍: രാഷ്ട്രപതിപദവിയിലിരിക്കെ, ഒരിക്കല്‍ രാജിവെക്കുന്നതിനെക്കുറിച്ച് എ.പി.ജെ. അബ്ദുല്‍ കലാം ആലോചിച്ചുവെന്ന് അദ്ദേഹത്തിന്‍െറ പ്രസ് സെക്രട്ടറിയായിരുന്ന എസ്.എം. ഖാന്‍. കഴിഞ്ഞ ദിവസം, ഭുവനേശ്വറിലെ ശിക്ഷാ അനുസന്ദാര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2006ല്‍ ബിഹാര്‍ നിയമസഭ പിരിച്ചുവിടുന്നതിനുള്ള രാഷ്ട്രപതിയുടെ അനുമതി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കലാം രാജിയെപ്പറ്റി ചിന്തിച്ചത്.
2006 മേയിലാണ് ബിഹാര്‍ ഗവര്‍ണര്‍ ബൂട്ടാ സിങ് നിയമസഭ പിരിച്ചുവിടാനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍െറ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ ശിപാര്‍ശ അംഗീകരിക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കുകയുമായിരുന്നു. അന്ന് മോസ്കോ സന്ദര്‍ശനത്തിലിരിക്കെയാണ് കലാം ഇതില്‍ ഒപ്പുവെച്ചത്.
‘കലാമിന് വ്യക്തിപരമായി നിയമസഭ പിരിച്ചുവിടാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍, ഒപ്പുവെക്കാതെ മറ്റു മാര്‍ഗവുമില്ലായിരുന്നു. കേന്ദ്രമന്ത്രിസഭയുടെ ശിപാര്‍ശ അദ്ദേഹം തള്ളിയാലും പിന്നീട് വീണ്ടും വന്നാല്‍ വഴങ്ങേണ്ടിവരും. അങ്ങനെയാണ് അദ്ദേഹം സഭ പിരിച്ചുവിടാന്‍ അനുമതി നല്‍കിയത്’ -‘എക്കാലത്തെയും മനുഷ്യാത്മാവുമൊത്തുള്ള എന്‍െറ ജീവിതം’ എന്ന തലക്കെട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ എസ്.എം. ഖാന്‍ പറഞ്ഞു.
എന്നാല്‍, ആ വര്‍ഷം ഒക്ടോബറില്‍ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യംചെയ്ത് സുപ്രീംകോടതി വിധി വന്നു. തീരുമാനം ഭരണഘടനാ വിരുദ്ധമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. തുടര്‍ന്നാണ് അദ്ദേഹം രാജിയെക്കുറിച്ച് ആലോചിച്ചത്. ഇതുസംബന്ധിച്ച് തന്‍െറ സഹോദരനുമായി അദ്ദേഹം ചര്‍ച്ച നടത്തിയെന്നും ഖാന്‍ പറഞ്ഞു. എന്നാല്‍, രാജിതീരുമാനത്തില്‍നിന്ന് കലാം പിന്മാറുകയായിരുന്നു. തന്‍െറ രാജി വലിയ ഭരണഘടനാ പ്രതിസന്ധി ക്ഷണിച്ചുവരുത്തുമെന്ന് കണ്ടായിരുന്നു അത്.
അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ, വിഷന്‍ 2020നെക്കുറിച്ച് കേന്ദ്രമന്ത്രിമാര്‍ക്ക് രാഷ്ട്രപതിഭവനില്‍ കലാം നടത്തിയ പവര്‍പോയന്‍റ് സഹായത്തോടെയുള്ള ക്ളാസിനെക്കുറിച്ചും എസ്.എം. ഖാന്‍ ഓര്‍മിച്ചു. ഇന്ത്യ സന്ദര്‍ശിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷും ഒരു തവണ കലാമിന്‍െറ ക്ളാസില്‍ ‘വിദ്യാര്‍ഥി’യായിട്ടുണ്ട്.
2007ല്‍, കലാമിനെ വീണ്ടും രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ എന്‍.ഡി.എ ആലോചിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ പൊതുസമ്മതനായ സ്വതന്ത്രന്‍ എന്ന നിലയിലായിരുന്നു അത്. എന്നാല്‍, കലാം പിന്മാറുകയായിരുന്നുവെന്ന് എസ്. എം. ഖാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.