മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇനി സ്ത്രീകള്‍ക്ക് വിലക്കില്ല
text_fieldsമഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും പ്രവേശിക്കാം. ആരാധനാലയങ്ങളിലെ ലിംഗ വിവേചനത്തിന് സര്‍ക്കാര്‍ എതിരാണെന്നും മഹാരാഷ്ട്ര ഹിന്ദു പ്ളെയ്സ് ഓഫ് വര്‍ഷിപ്പ് ആക്ടിലെ (എന്‍ട്രി അതോറൈസേഷന്‍ ആക്ട്) ഭേദഗതികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പ്രസ്തുത നിയമത്തിന്‍െറ വ്യവസ്ഥകളെ കുറിച്ച് ജില്ലാ അധികാരികളെ ബോധവാന്‍മാരാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സംസ്ഥാനത്തെ ശാനി ശിങ്കന്‍പുര്‍ എന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിരസിച്ചതിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകരായ നീലിമ വരദക്,അഭിനന്ദന്‍ വാഗ്നി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെ ഹൈകോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
ഏതെങ്കിലും ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം വിലക്കിയാല്‍ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി പുരുഷന് പ്രവേശം അനുവദിക്കുന്ന ക്ഷേത്രത്തില്‍ സ്ത്രീക്കും പ്രവേശാനുമതി നല്‍കണമെന്നും അനുമതി നിഷേധിച്ചാല്‍ നിയമം പ്രയോഗിക്കേണ്ടി വരുമെന്നും വ്യക്തമാക്കി.
നിയമത്തിലെ ഭേതഗതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി എന്നിവരെ ഹൈകോടതി ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ നിയമം നടപ്പാക്കുന്നതില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങളില്‍ പരാതി സമര്‍പ്പിക്കാമെന്നും കോടതി സൂചിപ്പിച്ചു. പ്രസ്തുത നിയമത്തേയും അതിന്‍െറ ഭേതഗതികളെയും കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ സര്‍ക്കാര്‍ വലിയ പ്രചരണവും സര്‍ക്കുലറുകളും ഇറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്ത്രീകള്‍ക്ക് പ്രവേശം നിരസിച്ച ശാനി ശിങ്കന്‍പുര്‍ എന്ന ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം നിയമം ലംഘിച്ച് ചില സ്ത്രീകള്‍ കയറുകയും ഇതിനെ തുടര്‍ന്ന് ഏഴ് ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരെ പുറത്താക്കുകയും ഇവരെകൊണ്ട് ശുദ്ധികലശം നടത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ദ്രുപതി ദേശായി എന്ന സാമൂഹിക പ്രവര്‍ത്തകയുടെ നേതൃത്വത്തില്‍ വിലക്കു നീക്കുന്നതിന് ശക്തമായ സമര പരിപാടികള്‍ നടത്തുകയുണ്ടായി.
അതേസമയം, കോടതി വിധി സ്ത്രീകളുടെ വിജയമാണെന്നും അടുത്ത ദിവസം തന്നെ ക്ഷേത്ര സന്ദര്‍ശനം നടത്തുമെന്നും ദ്രുപതി ദേശായി പ്രതികരിച്ചു. കൂടാതെ സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിച്ച എല്ലാ ക്ഷേത്രങ്ങളിലേയും നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രിയെ കാണുമെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.