ഖനനമാഫിയയെ സഹായിച്ച ന്യായാധിപന് സസ്പെന്‍ഷന്‍
text_fieldsചെന്നൈ: വിചാരണക്കിടെ ഖനനമാഫിയയെ സഹായിച്ചെന്ന ആരോപണം നേരിടുന്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സസ്പെന്‍ഡ് ചെയ്തു. മധുരയിലെ അനധികൃത ഗ്രാനൈറ്റ് ഖനനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.വി. മഹേന്ദ്ര ഭൂപതിയാണ് കോടതിയലക്ഷ്യ നടപടിക്കുള്ള ശിപാര്‍ശയില്‍ സസ്പെന്‍ഷനിലായത്. പകരം മജിസ്ട്രേറ്റ് ഭാരതി രാജയാകും ഖനന കേസുകള്‍ പരിഗണിക്കുക. അനധികൃത ഗ്രാനൈറ്റ് ഖനനത്തത്തെുടര്‍ന്ന് സര്‍ക്കാറിന് 1.11 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന അന്വേഷണ സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നിരവധി കമ്പനികളെ പ്രതിചേര്‍ത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, സുതാര്യമായ വിചാരണ നടക്കുന്നില്ളെന്ന ആരോപണം കേസുകള്‍ കേള്‍ക്കുന്ന കെ.വി. മഹേന്ദ്ര ഭൂപതിക്കെതിരെ ഉയര്‍ന്നു. പ്രതികള്‍ക്കെതിരായ പ്രധാന വകുപ്പുകള്‍ ഒഴിവാക്കി സഹായിക്കുന്നെന്നാരോപിച്ച് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിനെ സമീപിക്കുകയും ചെയ്തു.തുടര്‍ന്ന് ശക്തമായ വകുപ്പുകള്‍ ചുമത്തി വിചാരണ തുടരാന്‍ ഹൈകോടതി നിര്‍ദേശം നല്‍കി. എന്നാല്‍, ഇത് പാലിക്കാന്‍ തയാറാകുന്നില്ളെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ഹൈകോടതിയെ സമീപിച്ചു. വിചാരണ നടപടികളിലെ പാകപ്പിഴകള്‍ പരിഹരിക്കാനുള്ള നിര്‍ദേശം പാലിക്കാതിരുന്ന മഹേന്ദ്ര ഭൂപതിക്കെതിരെ ഹൈകോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് പി.എന്‍. പ്രകാശ്, കോടതിയലക്ഷ്യ നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. ഇതിനിടെ ഒരു കേസില്‍ പി.ആര്‍.പി ഗ്രാനൈറ്റ് ഉടമ പി.ആര്‍. പളനിസാമിയെയും മറ്റൊരാളെയും കുറ്റവിമുക്തരാക്കി കഴിഞ്ഞദിവസം ഭൂപതി ഉത്തരവിട്ടു. വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തെന്ന് ആരോപിച്ച് മുന്‍ ജില്ലാ കലക്ടര്‍ അന്‍ഷുല്‍ മിശ്രക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണത്തിനും ശിപാര്‍ശ ചെയ്തു. ഉത്തരവ് വിവാദമായതോടെ മജിസ്ട്രേറ്റിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മധുര പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.എം. ബഷീര്‍ അഹമ്മദ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശരവണന്‍ എന്നിവരോട് ഹൈകോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ വെള്ളിയാഴ്ച സസ്പെന്‍ഷന്‍ ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.