Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫ്ലൈഒാവർ ദുരന്തസ്ഥലം...

ഫ്ലൈഒാവർ ദുരന്തസ്ഥലം രാഹുൽ ഗാന്ധി സന്ദർശിച്ചു

text_fields
bookmark_border
ഫ്ലൈഒാവർ ദുരന്തസ്ഥലം രാഹുൽ ഗാന്ധി സന്ദർശിച്ചു
cancel

കൊല്‍ക്കത്ത: നഗരത്തിലെ ഫ്ലൈഒാവർ ദുരന്ത സ്ഥലം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവരെയും അദ്ദേഹം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ദുരന്തത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താനെത്തിയതെന്നും ഇവിടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പു സംബന്ധമായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻെറ സന്ദര്‍ശനം.

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ശേഷിക്കെ നടന്ന ദുരന്തം ബംഗാളിൽ പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ നഗരവികസന മന്ത്രി ഫര്‍ഹാദ് ഹക്കീം കൈക്കൂലി വാങ്ങി നിലവാരം കുറഞ്ഞ വസ്തുക്കളുമായി നിര്‍മാണത്തിന് അനുമതി നല്‍കിയെന്നാണ് പ്രതിപക്ഷ ആരോപണം. അഴിമതിയുടെ പ്രത്യാഘാതമാണ് സംഭവമെന്നും മറുപടിപറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ബി.ജെ.പി നേതാവ് സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. 2009ല്‍ ആരംഭിച്ച് വര്‍ഷങ്ങളായി നിര്‍മാണം ഇഴയുന്ന പാലം ഉടന്‍ പൂര്‍ത്തിയാക്കാന്‍ മമത ബാനര്‍ജി സമ്മര്‍ദം ചെലുത്തിയിരുന്നതായി ആരോപണമുണ്ട്.

അതേസമയം, ഇന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. സൈന്യത്തിന്‍െറ മേല്‍നോട്ടത്തില്‍ രണ്ടു ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നൂറോളം പേരെ പുറത്തെടുത്തിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരുടെയും നില അതീവ ഗുരുതരമാണ്. മുന്നൂറോളം സൈനികരും കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകളും പൊലീസുദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കരാറുകാരായ ഐ.വി.ആര്‍.സി.എല്‍ ഗ്രൂപ്പിലെ ആറുപേരെ കൊല്‍ക്കത്തയില്‍നിന്നും രണ്ടുപേരെ ഹൈദരാബാദിലെ ആസ്ഥാനത്തുനിന്നും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.നിലവാരമില്ലാത്ത വസ്തുക്കള്‍ നിര്‍മാണത്തിന് ഉപയോഗിച്ചെന്നുകരുതുന്ന കമ്പനിയെ കരിമ്പട്ടികയില്‍പെടുത്താനുളള നീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍, ദുരന്തത്തിനുപിന്നില്‍ സ്ഫോടനമുള്‍പ്പെടെ സാധ്യതകള്‍ തള്ളിക്കളയാനാവില്ളെന്നാണ് ഐ.വി.ആര്‍.സി.എല്‍ നിലപാട്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ കൊല്‍ക്കത്തയിലെ ഗണേഷ് ടാക്കീസിന് സമീപം പ്രശസ്തമായ ബരാ ബസാറിലാണ് കോണ്‍ക്രീറ്റ് ജോലികള്‍ പുരോഗമിക്കുന്നതിനിടെ വിവേകാനന്ദ റോഡിലെ മേല്‍പാലത്തിന്‍െറ 100 മീറ്റര്‍ ഭാഗം പൊളിഞ്ഞുവീണത്. കോണ്‍ക്രീറ്റിനും കൂറ്റന്‍ സ്റ്റീല്‍ ഗര്‍ഡറുകള്‍ക്കും അടിയില്‍പെട്ട വാഹനങ്ങളിലെ യാത്രക്കാരാണ് മരിച്ചവരില്‍ ഏറെയും. ഇനിയും യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന സാധ്യത പരിഗണിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സംഭവത്തില്‍ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഫോണില്‍ ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉറപ്പുനല്‍കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kolkathabridge collapseRahul Gandhi
Next Story