പ്രൊഫസര്‍ ജി.എന്‍ സായി ബാബക്ക് ജാമ്യം; മഹാരാഷ്ട്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശം
text_fieldsന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി.എന്‍ സായിബാബക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലെ മാവോവാദി പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2014 മെയിലാണ് മഹാരാഷ്ട്രാ പോലീസ് സായിബാബയെ അറസ്റ്റുചെയ്തത്. യു.എ.പി.എ അടക്കമുള്ള കേസുകള്‍ ഇദ്ദേഹത്തിനുമേല്‍ ചുമത്തിയിരുന്നു. നിരോധിക്കപ്പെട്ട സി.പി.ഐ. മാവോയിസ്റ്റ് സംഘടനയുടെ തലവന്‍ ഗണപതിയടക്കമുള്ള അംഗങ്ങളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും സംഘടനയുടെ മേല്‍ത്തട്ടിലുള്ള പ്രവര്‍ത്തകനാണെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍, സായിബാബ ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്.
സായ്ബാബയുടെ അറസ്റ്റിനെ എതിര്‍ത്ത മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ അഭിഭാഷകനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങള്‍ തീര്‍ത്തും നീതി രഹിതമായാണ് കുറ്റാരോപിതനോട് പെരുമാറുന്നതെന്നും സാക്ഷിമൊഴികള്‍ പരിശോധിക്കേണ്ടതുണ്ടെന്നും എന്നിട്ടും ഇദ്ദേഹത്തെ ജയിലില്‍ തന്നെ ഇടണമെന്ന് എന്താണ് നിര്‍ബന്ധമെന്നും ജസ്റ്റിസ് ജെ.എസ് ഖേഹര്‍ തുറന്നടിച്ചു.
ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ രാം ലാല്‍ ആനന്ദ് കോളജിലെ ഈ ഇംഗ്ളീഷ് പ്രൊഫസര്‍ അരക്കു താഴെ തളര്‍ന്ന് 90 ശതമാനം വൈകല്യബാധിതനായ വീല്‍ ചെയറില്‍ ആണ് കഴിയുന്നത്. 2015 ജൂലൈയില്‍ സായ്ബാബക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ബോംബെ ഹൈകോടതിയിലെ സിംഗ്ള്‍ ബെഞ്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജാമ്യം റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്ന് നാഗ്പൂരിലെ ജയിലില്‍ ആണ് അദ്ദേഹത്തെ അടച്ചത്. മഹാരാഷ്ട്ര പൊലീസ് ഡല്‍ഹിയില്‍ നിന്നും സായ്ബാബയെ നാഗ്പൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇക്കാരണത്താല്‍ തന്‍്റെ പേശികള്‍ക്ക് കൂടുതല്‍ ബലക്ഷയം സംഭവിച്ചതായി സായ്ബാബ പറയുന്നു. ജയിലില്‍ ആയിരിക്കുമ്പോള്‍ ടോയ്ലറ്റില്‍ പോകുന്നതിനും കിടന്നുറങ്ങുന്നതിനും മതിയായ സൗകര്യങ്ങള്‍ നല്‍കിയിരുന്നില്ല എന്നും ഇതുമൂലം ഇടത് കൈമുട്ടിനും ഞരമ്പുകള്‍ക്കും സ്പൈനല്‍ കോഡിനും പരിക്ക് സംഭവിച്ചതായും അദ്ദേഹം പറയുന്നു. ജൂലൈയില്‍ ജാമ്യം ലഭിച്ച വേളയില്‍ എല്ലാ ആഴ്ചയും ഈ ഇംഗ്ളീഷ് പ്രൊഫസര്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ സ്പൈനല്‍ ഇന്‍്റജുറീസ് സെന്‍്ററില്‍ ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ആന്‍ജിയോ പ്ളാസ്റ്റിക്ക് വിധേയനാവുകയും ചെയ്തു.
നേരത്തെ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ഥി ഹേമന്ദ് മിശ്ര നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു സായ്ബാബയുടെ അറസ്റ്റ്. ഛത്തിസ്ഗഡിലെ വനത്തിലുള്ള മാവോയിസ്റ്റുകള്‍ക്കും സായ്ബാബക്കും ഇടയില്‍ സന്ദേശ വാഹകന്‍ ആയി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു ഹേമന്ദ് മിശ്രയുടെ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.