പിലിബിറ്റ് വ്യാജ ഏറ്റുമുട്ടൽ: 47 പൊലീസുകാർക്ക് ജീവപരന്ത്യം
text_fieldsലഖ്നോ: തീവ്രവാദികളെന്ന് ആരോപിച്ച് 10 സിഖ് തീർത്ഥാടകരെ വെടിവെച്ചു കൊന്ന കേസിൽ 47 പൊലീസുകാർക്ക് ജീവപരന്ത്യം തടവ്. വെള്ളിയാഴ്ച വിചാരണ കോടതി ഇവർ കുറ്റക്കാരെന്ന് വിധിച്ചിരുന്നു.
1991 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം. സിഖ് തീർത്ഥാടകർ സഞ്ചരിച്ച ആഢംബര ബസ് ഉത്തർപ്രദേശിലെ പിലിബിറ്റിൽ വെച്ച് തടയുകയും ബസിലുണ്ടായിരുന്ന പത്ത് പേരെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. യാത്രക്കാരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചായിരുന്നു വധിച്ചത്. 10 ഖാലിസ്താൻ തീവ്രവാദികളെ വധിച്ചു എന്ന വാദവുമായി പിറ്റേന്ന് പൊലീസ് രംഗത്തെത്തുകയും ചെയ്തു. ബസിലുണ്ടായിരുന്നവരിൽ ചിലർ ക്രിമിനലുകളും ആയുധധാരികളുമാണെന്നായിരുന്നു പൊലീസ് വിശദീകരണം.
സംഭവം വിവാദമായതോടെ സുപ്രീംകോടതി നിർദേശ പ്രകാരം സി.ബി.െഎ കേസ് അന്വേഷിക്കുകയായിരുന്നു. തീവ്രവാദികളെ കൊന്നാൽ ലഭിക്കുന്ന പാരിതോഷികങ്ങൾക്കും സ്ഥാനക്കയറ്റത്തിനും വേണ്ടിയായിരുന്നു പൊലീസുകാർ ഈ ക്രൂരകൃത്യം ചെയ്തതെന്ന് സി.ബി.െഎ കണ്ടെത്തി. 57 പൊലീസുകാർക്കെതിരെ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ വിചാരണ നടപടികൾക്കിടയിൽ 10 പേർ മരണപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.