ക്ഷേത്രപ്രവേശ വസ്ത്രധാരണ ഉത്തരവ് മദ്രാസ ഹൈകോടതി റദ്ദാക്കി
text_fieldsചെന്നൈ: ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വസ്ത്രധാരണ നിയമം കര്‍ശനമാക്കിയ ഏകാംഗ ബെഞ്ചിന്‍െറ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാറും തെക്കന്‍ ജില്ലാ വനിതാ ഫെഡറേഷനും സമര്‍പ്പിച്ച ഹരജികളിലാണ് അനുകൂല വിധി. ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യന്‍, കെ. രവിചന്ദ്രബാബു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജികള്‍ തീര്‍പ്പാക്കിയത്.
ഏകാംഗ ബെഞ്ചിന്‍െറ ഉത്തരവ് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തേ ഏകാംഗ ബെഞ്ചിന്‍െറ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
വ്യക്തികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ് ഏകാംഗ ബെഞ്ചിന്‍െറ ഉത്തരവെന്ന് തെക്കന്‍ മേഖലാ വനിതാ ഫെഡറേഷന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമായ ഉത്തരവ് റദ്ദാക്കണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട്. ഏകാംഗബെഞ്ചിന്‍െറ ഉത്തരവിലെ അപാകത ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
ക്ഷേത്രങ്ങള്‍ക്ക് വ്യത്യസ്തവും സ്വന്തവുമായ ആചാരമര്യാദകളുണ്ടായിരിക്കെ അതിനനുസരിച്ച് വസ്ത്രധാരണ നിയമം നിഷ്കര്‍ഷിക്കാനാവുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രോത്സവത്തിന്‍െറ ഭാഗമായ കലാ സാംസ്കാരിക പരിപാടികള്‍ക്ക് അനുമതി തേടിയുള്ള ഹരജി പരിഗണിക്കുമ്പോഴാണ് വസ്ത്ര നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈകോടതി ജഡ്ജി എസ്. വൈദ്യനാഥന്‍ വിധി പുറപ്പെടുവിച്ചത്. ഹരജിയുടെ പരിഗണനക്ക് പുറത്തുള്ള വിഷയത്തില്‍ ന്യായാധിപന്‍ വിധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതനുസരിച്ച് പുരുഷന്മാര്‍ക്ക് ദോത്തി, പൈജാമ, ഫോര്‍മല്‍ പാന്‍റ്സ്, ഷര്‍ട്ട്, മേല്‍മുണ്ടും ഒഴികെയുള്ളവയും സ്ത്രീകള്‍ക്ക് സാരി, ഹാഫ് സാരി, ബ്ളൗസ്, ചുരിദാര്‍, മേല്‍മുണ്ട് എന്നിവ ഒഴികെയുള്ളവയും നിരോധിച്ചു. കുട്ടികള്‍ക്ക് ശരീരം പൂര്‍ണമായും മറയുന്നവയും നിഷ്കര്‍ഷിച്ചു.
ജീന്‍സിനും ലെഗ്ഗിങ്സിനും പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. സ്ളീവ്ലെസ് വസ്ത്രങ്ങള്‍ അണിഞ്ഞോ ഇറക്കം കുറഞ്ഞവ ധരിച്ചോ ക്ഷേത്രങ്ങളില്‍ പ്രവേശിക്കരുതെന്നും വസ്ത്രങ്ങളില്‍ മുദ്രാവാക്യങ്ങള്‍ എഴുതരുതെന്നും വ്യവസ്ഥവെച്ചു. ആഗമ ശാസ്ത്രം അനുസരിച്ച വസ്ത്രമാണ് ഭക്തര്‍ ധരിക്കേണ്ടതെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് സംസ്ഥാന ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബ്ള്‍ എന്‍ഡോവ്മെന്‍റ് വകുപ്പ് അയച്ച സര്‍ക്കുലറില്‍ ജനുവരി ഒന്നുമുതല്‍ വ്യവസ്ഥ നടപ്പാക്കാന്‍ ക്ഷേത്ര അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
വസ്ത്ര നിയന്ത്രണം കര്‍ക്കശമാക്കിയതോടെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ദര്‍ശനത്തിന് തടസ്സം നേരിട്ടു. അവധി ദിവസങ്ങളെ മാത്രം ആശ്രയിച്ച് ദര്‍ശനത്തിന് സമയം ക്രമീകരിക്കേണ്ടി വന്നു. ക്ഷേത്രങ്ങളില്‍ ഭക്തരുടെ എണ്ണത്തിലും കുറവുണ്ടായി. ഭക്തരില്‍നിന്നും ക്ഷേത്ര മാനേജ്മെന്‍റുകളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.