ആത്മീയതയെ പുണര്‍ന്ന് മുരുകന്‍ ജയിലില്‍ അനിശ്ചിതകാല മൗനവ്രതത്തില്‍
text_fieldsചെന്നൈ: ആത്മീയ പാതയിലേക്ക് നടന്നടുക്കാന്‍ മുരുകന്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ അനിശ്ചിതകാല മൗനവ്രതത്തിലാണ്. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 25 വര്‍ഷമായി ഇരുമ്പഴിക്കുള്ളില്‍ കിടക്കുന്ന മുരുകന്‍ എന്ന വി. ശ്രീഹരന്‍ വ്രതത്തിലൂടെ മുരുകഭഗവാന്‍െറ ഭക്തസാക്ഷാത്കാരം നേടാനുള്ള ശ്രമത്തിലാണ്. ഭാര്യ നളിനിയും കൂട്ടുപ്രതികളായ അഞ്ചുപേരും ജയിലില്‍ ഒപ്പമുണ്ട്. മുരുകന്‍ അടുത്തിടെയാണ് ആത്മീയജീവിതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചത്. 48കാരനായ മുരുകന്‍ അനിശ്ചിതകാല മൗനവ്രതത്തിലാണെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ പി. പുകലേന്തി വെളിപ്പെടുത്തി.
തിങ്കളാഴ്ചയോടെ വ്രതാനുഷ്ഠാനം 14 ദിവസമായി. മറ്റുള്ളവരോട് ആംഗ്യത്തിലോ എഴുത്തിലൂടെയോ ആണ് ആശയവിനിമയം. സ്ത്രീകളുടെ പ്രത്യേക തടവറയില്‍ കഴിയുന്ന നളിനിയോടുപോലും മൗനംവെടിഞ്ഞിട്ടില്ല. രണ്ടാഴ്ചയിലൊരിക്കലാണ് ഇരുവര്‍ക്കും കാണാന്‍ അവസരം. വ്രതം തുടങ്ങിയശേഷം ആദ്യമായി കണ്ട ഭാര്യയുമായി സംസാരിച്ചത് പേനയും പേപ്പറും ഉപയോഗിച്ചാണ്. അതേ സമയം, സഹതടവുകാരായ ചുരുക്കം ചിലരെ കാണുമ്പോര്‍ മൗനം ഭഞ്ജിക്കാറുണ്ട്.
ആത്മീയതക്കനുയോജ്യമായ വസ്ത്രമാണ് മുരുകന്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നത്. കാവിമുണ്ടു ധരിച്ച് താടി നീട്ടിവളര്‍ത്താന്‍ ജയില്‍ അധികൃതരോട് ആഗ്രഹം പ്രകടിപ്പിച്ചു. ഭക്ഷണത്തോടും വിരക്തി പ്രകടിപ്പിച്ചുതുടങ്ങി. മാന്യമായ പെരുമാറ്റമുള്ള പ്രതിയോട് ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായതായാണ് സൂചന. ജയിലില്‍നിന്ന് നല്‍കുന്ന ഭക്ഷണം അവഗണിക്കുന്ന മുരുകന്‍ സന്ദര്‍ശകരായി എത്തുന്ന ബന്ധുക്കളും മറ്റും നല്‍കുന്ന ഫലങ്ങളാണ് വിശപ്പടക്കാന്‍ ആശ്രയിക്കുന്നത്. ഏത്തപ്പഴമാണ് മൂന്നുനേരവും കഴിക്കുന്നത്. മുരുകന്‍-നളിനി ദമ്പതികളുടെ മകള്‍ അടുത്ത ബന്ധുക്കളോടൊപ്പം ചെന്നൈയിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.