ഹൈദരാബാദ് സര്‍വകലാശാല വീണ്ടും പ്രക്ഷുബ്ധം; നിരവധി വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
text_fieldsഹൈദരാബാദ്: ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യക്കിടയാക്കിയ അധികൃതരുടെ സമീപനത്തിനെതിരെ ഹൈദരാബാദ് സര്‍വകലാശാലയില്‍ ആരംഭിച്ച സമരം വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ‘ചലോ എച്ച്.സി.യു ’ എന്ന പേരില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് നടത്തിയ പ്രകടനം പ്രധാന ഗേറ്റില്‍ പൊലീസ് തടഞ്ഞു. നിരവധി വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തു. കനത്ത സുരക്ഷാ വലയം ഭേദിച്ച് വിദ്യാര്‍ഥികള്‍ അപ്പാ റാവുവിന്‍റെ ഓഫീസിനുനേര്‍ക്ക് കുതിച്ചുവെന്നും ഇവര്‍ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.
വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ വി.സിയെ മാറ്റണമെന്നും അറസ്റ്റു ചെയ്യണമെന്നും സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ നിഷേധ സമീപനമാണ് സര്‍വകലാശാല അധികൃതരും ഭരണകൂടവും തുടരുന്നത്. സര്‍വകലാശാലയില്‍ ദലിത് ഗവേഷക വിദ്യാര്‍ഥികള്‍ ഇപ്പോഴും പീഡനം അനുഭവിക്കുന്നതായും തങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ സമരം തുടരുമെന്നും സമരസമിതി പറയുന്നു.
അതിനിടെ, വി.സിയുടെ കോപ്പിയടികൂടി പുറത്തുവന്നത് സര്‍വകലാശാലയിലെ സമരത്തെ കൂടുതല്‍ ചൂടുപിടിപ്പിച്ചു. സംഭവത്തില്‍ കടുത്ത വിമര്‍ശമാണ് ഉയരുന്നത്. മൂന്ന് ഗവേഷക ലേഖനങ്ങള്‍ കോപ്പിയടിച്ചതായി അപ്പാറാവു സമ്മതിച്ചു. ഇതോടെ അദ്ദേഹത്തിന്‍റെ അക്കാദമിക യോഗ്യതയും വിവാദ വിഷയമായിരിക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും ജോയന്‍റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസും വി.സിയെ മാറ്റണമെന്ന ആവശ്യവുമായി പൂര്‍വാധികം ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.
ഏതാനും വാചകങ്ങള്‍ മാത്രമാണ് കോപി അടിച്ചതെന്നും അത് ബോധപൂര്‍വമല്ളെന്നും വി.സിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. 2004ല്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി ജേണലില്‍ പ്രസിദ്ധീകരിച്ച ‘ റൂട്ട് കൊളോണൈസേഷന്‍ ആന്‍റ് ക്വാറം സെന്‍സിങ് ആര്‍ ദ ഡ്രൈവിംഗ് ഫോഴസസ് ഓഫ് പ്ളാന്‍റ് ഗ്രോത്ത് പ്രമോട്ടിംഗ് റൈസോബാക്ടീരിയ ഫോര്‍ ഗ്രോത്ത് പ്രമോഷന്‍’ എന്ന പ്രബന്ധത്തില്‍ നിന്നാണ് കൂടുതലും വി.സി കോപിയടിച്ചതെന്ന് ‘ദ ഏഷ്യന്‍ ഏജ്’ റിപോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.