മുംബൈ സ്ഫോടന പരമ്പര : മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം
text_fieldsമുംബൈ: 13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പരക്കേസിലെ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മുഖ്യപ്രതി മുസമ്മില്‍ അന്‍സാരി, വാഹിദ് അന്‍സാരി, ഫര്‍ഹാന്‍ ഖോട്ട് എന്നിവര്‍ക്കാണ് മുംബൈയിലെ പ്രത്യേക ‘പോട്ട’ കോടതി ജഡ്ജി പി.ആര്‍. ദേശ്മുഖ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുസമ്മില്‍ അന്‍സാരി ജീവിതാവസാനംവരെ ജയിലില്‍ കഴിയണം.
മറ്റു മൂന്നു പ്രതികളായ സാക്വിബ് നാചന്‍, അതീഫ് മുല്ല, ഹസീബ് മുല്ല എന്നിവര്‍ക്ക് 10 വര്‍ഷം വീതം തടവും വിധിച്ചു. ഇവര്‍ എട്ടുവര്‍ഷം തടവിലായിരുന്നതിനാല്‍ ഇനി രണ്ടുവര്‍ഷത്തെ തടവ് അനുഭവിച്ചാല്‍ മതി.
പ്രതികള്‍ ഒമ്പതുലക്ഷം രൂപ പിഴ നല്‍കണം. കേസില്‍ 13 പ്രതികളാണുണ്ടായിരുന്നത്. ബാക്കി പ്രതികളെ പരമാവധി ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ നേരത്തേ വിട്ടയച്ചിരുന്നു.
2003 ജനുവരി 27ന് വിലേ പാര്‍ലേയില്‍ നടന്ന സ്ഫോടനത്തില്‍ ഒരാളും മാര്‍ച്ച് 13ന് മുളുണ്ട് ട്രെയിന്‍ സ്ഫോടനത്തില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്. 2002 ഡിസംബര്‍ ആറിന് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനുസമീപം റസ്റ്റാറന്‍റില്‍ നടന്ന സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ബോംബ് സ്ഥാപിച്ചുവെന്നതായിരുന്നു മുസമ്മില്‍ അന്‍സാരിക്കെതിരായ കുറ്റം. ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വാദമുയര്‍ന്നെങ്കിലും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ളെന്ന് ജഡ്ജി പറഞ്ഞു. ‘തൂക്കിലേറ്റപ്പെടുന്ന പ്രതി നിമിഷങ്ങള്‍ക്കകം മരിക്കും. സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കളും ആശ്രിതരുമെല്ലാം ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്ന മാനസികവും വൈകാരികവും ശാരീരികവുമായ വേദന വധശിക്ഷക്ക് വിധേയനാക്കപ്പെടുന്ന പ്രതി അറിയാതെ പോകും’ -ജഡ്ജി ദേശ്മുഖ് ചൂണ്ടിക്കാട്ടി.
കൊലപാതകം, കൊലപാതകശ്രമം, രാജ്യത്തിനെതിരായ യുദ്ധനീക്കം എന്നീ കുറ്റങ്ങള്‍ക്ക് ഭീകരപ്രവര്‍ത്തനം തടയുന്ന നിയമം ‘പോട്ട’ അനുസരിച്ച് 15 പേരെയാണ് പ്രതിചേര്‍ത്തത്. രണ്ടുപേര്‍ വിചാരണക്കിടെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.