4000 കോടി തിരിച്ചടക്കാമെന്ന മല്ല്യയുടെ ഉപാധി ബാങ്കുകൾ തള്ളി
text_fieldsന്യൂഡൽഹി: വായ്പയെടുത്ത തുകയിൽ 4000 കോടി രൂപ തിരിച്ചടക്കാമെന്ന വിജയ് മല്ല്യയയുടെ ഉപാധി ബാങ്കുകൾ തള്ളി. 6000 കോടിയും അതിൻെറ പലിശയുമടക്കം 9,091 കോടി രൂപ തന്നെ മല്ല്യ തിരിച്ചടക്കണമെന്ന് ബാങ്കുകളുടെ കൺസോർഷ്യം സുപ്രീംകോടതിയെ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് നിർദേശം സുപ്രീംകോടതിക്ക് സമർപ്പിച്ചത്. ഇത് ചർച്ച ചെയ്യാനായി ഏപ്രിൽ രണ്ടിന് യോഗം ചേർന്നിരുന്നതായി ബാങ്കുകൾ അറിയിച്ചു.
4000 കോടി രൂപ ആറു മാസത്തിനുള്ളിൽ നൽകാമെന്നാണ് മല്ല്യ അറിയിച്ചത്. കഴിഞ്ഞ നവംബർ വരെയുള്ള തുകയാണ് 9091 കോടി രൂപ. അതേസമയം, എത്ര തുക നൽകാൻ സാധിക്കുമെന്ന് അറിയിക്കണമെന്ന് മല്ല്യയോട് കോടതി ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാകുന്ന കാര്യത്തിലും മറുപടി നൽകണം. മല്ല്യ ഏപ്രിൽ 21ന് മുൻപും ബാങ്കുകൾ 25ന് മുൻപും നിലപാട് അറിയിക്കണം. കേസ് വീണ്ടും 26ന് പരിഗണിക്കും.
60കാരനായ വിജയ് മല്ല്യ കഴിഞ്ഞ മാസമാണ് രാജ്യം വിട്ട് ലണ്ടനിലേക്ക് കടന്നത്. ചോദ്യം ചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ബാങ്കുകളുമായി വിഡിയോ കോൺഫറൻസിങ് വഴി മല്ല്യ സംസാരിച്ചുവെന്ന് അഭിഭാഷകർ അറിയിച്ചു.
എസ്.ബി.ഐ, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോർപറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയവരാണ് മദ്യരാജാവായ വിജയ് മല്ല്യക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.