മമതക്കെതിരെ രൂക്ഷ വിമർശവുമായി മോദി പശ്ചിമബംഗാളിൽ
text_fieldsബിർപാര: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷപരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ മേൽപാലം തകർന്ന വിഷയം ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ വിമർശം. അടിയന്തിരമായി രക്ഷാപ്രവർത്തനം നടത്തി ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് പകരം മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് മമത ശ്രമിച്ചത്. ദൈവിക വിധിയെന്നാണ് അപകടത്തിന് കാരണമായി മമത പറഞ്ഞത്. ഇത് തട്ടിപ്പിൻെറ രീതിയാണ്. ഇടതുസർക്കാരിനെ മമത ആദ്യം കുറ്റപ്പെടുത്തി. പാലം പണി പൂർത്തിയായിരുന്നെങ്കിൽ മുഖ്യമന്ത്രി ഇടതുസർക്കാരിനെ മമത പ്രശംസിക്കുമായിരുന്നോ അതോ പാലം നിർമാണത്തിൻെറ ക്രെഡിറ്റ് ഏറ്റെടുക്കുമായിരുന്നോ എന്നും മോദി ചോദിച്ചു. പശ്ചിമബംഗാളിലെ ബിർപാരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
പശ്ചിമബംഗാൾ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ വിളിച്ചുചേർക്കുന്ന യോഗങ്ങൾ മമത ബഹിഷ്കരിക്കുന്നതായി മോദി ആരോപിച്ചു. അതേസമയം മമത ഡൽഹിയിലെത്തുമ്പോഴെല്ലാം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിക്കാനും അനുഗ്രഹം വാങ്ങാനും മറക്കുന്നില്ല. 'സമൂല മാറ്റം' എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ മമത അതിനായി ഒന്നും ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി.
ഇടതുപക്ഷ ദുർഭരണം തുടരുകയും ബംഗാളിനെ തകർച്ചയിലേക്ക് നയിക്കുകയുമാണ് മമത ചെയ്യുന്നത്. വികസനത്തെ കുറിച്ച് സംസാരിക്കുന്നതിന് പകരം ഭരണപക്ഷവും പ്രതിപക്ഷവും ബലാത്സംഗം, അഴിമതി, എന്നിവ ആരോപിച്ചിരിക്കുകയാണ്. ബംഗാളിന്റെ ഭാവി ഇവരുടെ കയ്യിൽ ഭദ്രമല്ല. ബി.ജെ.പി അധികാരത്തിലുള്ള സ്ഥലത്തെല്ലാം വലിയ വികസനമാണുള്ളതെന്നും അതിനാൽ പാർട്ടിക്ക് ഒരു അവസരം തരണമെന്നും. മോദി അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.