'പാനമ പേപേഴ്സ്' പുറത്തുവിട്ട അഞ്ചാം പട്ടികയിലും മലയാളി
text_fieldsന്യൂഡൽഹി: വിദേശ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പാനമ പേപേഴ്സ് പുറത്തുവിട്ട അഞ്ചാം പട്ടികയിലും മലയാളി ഇടംപിടിച്ചു. തിരുവനന്തപുരം സ്വദേശി ഭാസ്കരൻ രവീന്ദ്രന്‍റെ പേരാണ് ഇന്ത്യൻ എക്സ്പ്രസിന്‍റെ 'പാനമ പേപേഴ്സ്-5'ൽ ഉള്ളത്. 1991ൽ റഷ്യയിലെത്തിയ ഭാസ്കരൻ 20 വർഷം കാപ്പി ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെ കൺസൽട്ടന്‍റായി പ്രവർത്തിച്ചിരുന്നു. കശുവണ്ടി ബിസിനസുമായി ബന്ധപ്പെട്ട് മൂന്നു വർഷം വിയറ്റ്നാമിൽ ഉണ്ടായിരുന്ന ഭാസ്കരൻ 2013ലാണ് നാട്ടിൽ മടങ്ങിയെത്തിയത്.
റഷ്യയിലെ എസ്.വി.എസ് ഇൻവെസ്റ്റ്മെന്‍റ് കമ്പനിയുമായി ഭാസ്കരൻ രവീന്ദ്രന് ബന്ധമുണ്ടെന്ന് മൊസാക് ഫൊൺസേക രേഖകൾ വ്യക്തമാക്കുന്നു. 2006ൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പവർ ഒാഫ് അറ്റോർണിയിൽ ഭാസ്കരൻ മാനേജരായിരുന്നു എന്നാണ് പറയുന്നത്. 2014 ജനുവരിയിൽ പ്രവർത്തനം അവസാനിപ്പിച്ച കമ്പനി 2008 നവംബർ 10നും 17നും മാത്രമാണ് യോഗം ചേർന്നിട്ടുള്ളത്. റഷ്യൻ പൗരന്മാർ ഡയറക്ടർമാരായ കമ്പനിയുടെ ഒരു യോഗം ഭാസ്കരൻ നായരുടെ തിരുവനന്തപുരത്തെ വീട്ടിലാണ് നടന്നത്.
എന്നാൽ, തനിക്ക് റഷ്യൻ കമ്പനിയിൽ നിക്ഷേപമില്ലെന്നും ആദായ നികുതി നൽകുന്നുണ്ടെന്നും ഭാസ്കരൻ രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യയിൽവെച്ച് ഒാഹരികളിൽ നിക്ഷേപം നടത്തിയിരുന്നെങ്കിലും നാട്ടിലേക്ക് മടങ്ങിയപ്പോൾ അവ പിൻവലിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് റാന്നി സ്വദേശി ദിനേശ് പരമേശ്വരൻ നായരുടെയും തിരുവനന്തപുരം സ്വദേശി ജോര്‍ജ് മാത്യുവിന്‍റെയും വിവരങ്ങൾ കഴിഞ്ഞ ദിവസം 'പാനമ പേപേഴ്സ്' പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.