എന്നെ കൊല്ലാനായിരുന്നു ശ്രമം –സായിബാബ
text_fieldsനാഗ്പുര്‍: ചികിത്സ നിഷേധിച്ച് തന്നെ കൊല്ലാനായിരുന്നു സര്‍ക്കാര്‍ ശ്രമമെന്ന് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ജയില്‍ മോചിതനായ ഡല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍ ജി.എന്‍. സായിബാബ. സുപ്രീംകോടതി ജാമ്യം അനുവദിച്ച അദ്ദേഹം വെള്ളിയാഴ്ചയാണ് നാഗ്പുര്‍ ജയിലില്‍നിന്ന് മോചിതനായത്.
മാവോവാദി ബന്ധമാരോപിച്ച് 2014 മേയിലാണ് സായിബാബയെ മഹാരാഷ്ട്ര പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. 90 ശതമാനം ശാരീരികശേഷിയില്ലാത്ത അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഡിസംബറില്‍ നാഗ്പുര്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ തന്നെ കഴിയേണ്ടിവന്നു. ‘നിരവധി മാരകരോഗങ്ങളുടെ പിടിയിലായ എന്നെ ഇല്ലാതാക്കാന്‍ വെടിവെച്ചു കൊല്ളേണ്ടതില്ളെന്നും ചികിത്സ നിഷേധിച്ചാല്‍ മതിയെന്നും അവര്‍ കണക്കുകൂട്ടി. കോഴിമുട്ടയുടെ രൂപത്തിലുള്ള അതീവ സുരക്ഷയുള്ള ‘അണ്ഡാ സെല്ലി’നകത്തായിരുന്നു ഏകാംഗ തടവ്. 2014ല്‍ ജയിലില്‍ അടച്ചതിന് ശേഷം ആരോഗ്യം നിരന്തരം മോശമായതിനെ തുടര്‍ന്ന് 27 തവണയാണ് പുറത്തെ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍, ഡിസംബറില്‍ തുടങ്ങിയ തടവിനിടെ ജയിലിന്‍െറ ഒരു റോഡ് മുറിച്ചു കടന്നാല്‍ എത്താവുന്ന ജയില്‍ ആശുപത്രിയില്‍പോലും ചികിത്സ നല്‍കിയില്ല. എന്നെക്കുറിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ മൊഴിയും ശുദ്ധ കള്ളമാണ്. ഇടത് കൈ ഉയര്‍ത്താനാവാത്ത നിലയിലാണിപ്പോള്‍. പരസഹായമില്ലാതെ സ്ഥലം മാറി ഇരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി. ചികിത്സ നിര്‍ത്തിയത് ആരോഗ്യം മോശമാവാന്‍ കാരണമായി’ -അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്ക് മറ്റൊരു സന്ദേശം കൂടിയുണ്ട്. വീല്‍ചെയറില്‍ കഴിയുന്ന ഒരാളോട് ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാമെങ്കില്‍, ഏതൊരു മനുഷ്യനെതിരെയും ഇത് പ്രവര്‍ത്തിക്കാം. ഭീതിയുടെ അന്തരീക്ഷമുണ്ടാക്കി എല്ലാവരെയും നിശ്ശബ്ദരാക്കുക, സത്യം പറയുന്നതും രാജ്യത്തിന്‍െറ യഥാര്‍ഥ അവസ്ഥ വെളിപ്പെടുത്തുന്നതും തടയുക, അതിനായിരുന്നു അവരുടെ ശ്രമം. ഇപ്പോള്‍ നടക്കുന്ന വികസന മാതൃകക്കെതിരെ മൗലികമായ ചോദ്യമുയര്‍ത്തിയാല്‍ അയാളെ മാവോവാദിയാക്കുക എന്നതാണ് ഇപ്പോഴത്തെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.