ശ്രീനഗർ എൻ.ഐ.ടി: പ്രശ്നപരിഹാരവുമായി മെഹബൂബ രംഗത്തിറങ്ങും
text_fieldsശ്രീനഗർ: സംഘർഷമുണ്ടായതിനെ തുടർന്ന് അടച്ച എൻ.ഐ.ടി കാമ്പസ് ശ്രീനഗറിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ച് നിന്നതോടെ സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർഥികളാണ് ശ്രീനഗറിൽ നിന്ന് കാമ്പസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ഇതോടെ പ്രശ്നപരിഹാരത്തിനായി ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തന്നെ നേരിട്ട് രംഗത്തിറങ്ങിയേക്കും. ഉപമുഖ്യമന്ത്രി നിർമൽ സിങ് കഴിഞ്ഞദിവസം അഞ്ച് മണിക്കൂറോളം വിദ്യാർഥികളുമായി നടത്തിയ ചർച്ചയിൽ പുരോഗതിയില്ലാത്തതിനെ തുടർന്നാണ് മെഹബൂബ തന്നെ രംഗത്തിറങ്ങുന്നത്.
ഡല്‍ഹിയില്‍നിന്ന് മാനവശേഷി വികസന മന്ത്രാലയത്തിലെ മൂന്നംഗ സംഘം കാമ്പസ് സന്ദർശിച്ച് സമരംചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനുശേഷം കശ്മീരി വിദ്യാര്‍ഥികളും മറ്റു സംസ്ഥാനത്തുനിന്നുള്ളവരും തമ്മില്‍ കഴിഞ്ഞയാഴ്ചയാണ് പ്രശ്നമുണ്ടായത്. ഇതേതുടര്‍ന്ന് അടച്ചിട്ട കാമ്പസ് തുറന്നെങ്കിലും വീണ്ടും പ്രശ്നങ്ങളുണ്ടാകുകയായിരുന്നു. ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ചില വിദ്യാര്‍ഥികള്‍ പടക്കംപൊട്ടിച്ചതാണ് സംഘര്‍ഷത്തിന് കാരണം.
പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരികളല്ലാത്ത മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികൾ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. 400ഒാളം വരുന്ന വിദ്യാർഥികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പരാതിയിൽ പരിഹാരം കാണാമെന്ന് ഡയറക്ടർ ഉറപ്പു നൽകിയെങ്കിലും പിരിഞ്ഞു പോകാൻ വിദ്യാർഥികൾ തയാറായില്ല. ഇതിനിടെ ഒരു സംഘം വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ശ്രീനഗറിലെ എൻ.ഐ.ടിയുടെ റീജണൽ എൻജിനീയറിങ് കോളജിൽ 2500 വിദ്യാർഥികളും 400 അധ്യാപകരുമാണുള്ളത്. ഇതിൽ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.