സമ്പൂര്‍ണ മദ്യനിരോധമെന്ന് ഡി.എം.കെയും
text_fieldsചെന്നൈ: മുന്‍ തെരഞ്ഞെടുപ്പുകളില്‍ സൗജന്യം വാരിവിതറി ‘മാതൃക’ സൃഷ്ടിച്ച ദ്രാവിഡ മുന്നേറ്റ കഴകം എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തില്‍ എത്തിയാലുടന്‍ തമിഴ്നാടിനെ സമ്പൂര്‍ണ മദ്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ പത്രിക പുറത്തിറക്കി പാര്‍ട്ടി പ്രസിഡന്‍റും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി പറഞ്ഞു. ഘട്ടംഘട്ടമായ മദ്യനിരോധമെന്ന ജയലളിതയുടെ വാഗ്ദാനം കടത്തിവെട്ടാനാണ് ഒറ്റയടിക്ക് നിരോധമെന്ന നിലപാടിലേക്ക് ഡി.എം.കെ എത്തിയത്.
പാവങ്ങള്‍ക്ക് സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍, പൊതുസ്ഥലങ്ങളില്‍ വൈഫൈ സൗകര്യം, വിദ്യാര്‍ഥികള്‍ക്ക് 3ജി, 4ജി ഇന്‍റര്‍നെറ്റ് സൗകര്യം തുടങ്ങി ന്യൂജന്‍ സൗജന്യങ്ങളും പത്രികയില്‍ ഇടംപിടിച്ചു. ടി.വി, മിക്സി, ഗ്രൈന്‍ഡര്‍, ഫാന്‍ തുടങ്ങിയ സൗജന്യങ്ങളൊന്നും ഇക്കുറിയില്ല. അഴിമതി ദൂരീകരിക്കാന്‍ ലോകായുക്ത, കാര്‍ഷിക-വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും, പ്രസവാവധി ഒമ്പതു മാസമായി വര്‍ധിപ്പിക്കും, പൊതുമേഖലയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആവില്‍ പാല്‍ ലിറ്ററിന് ഏഴു രൂപക്ക് നല്‍കും, പ്രതിമാസം 20 കിലോ അരി സൗജന്യം, ഏഴാം ശമ്പള കമീഷന്‍ നടപ്പാക്കും, പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരും, പാവങ്ങള്‍ക്ക് സൗജന്യഭക്ഷണം നല്‍കാന്‍ ജയലളിതയുടെ ‘അമ്മാ ഉണവക’ത്തിനു പകരം ‘അണ്ണാ ഉണവകം’ തുടങ്ങി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ കൈയിലെടുക്കാന്‍ വാഗ്ദാനങ്ങള്‍ പത്രികയിലുണ്ട്.
മറ്റു വാഗ്ദാനങ്ങള്‍: മദ്യനിരോധം നടപ്പാക്കിയാല്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മറ്റു തൊഴില്‍ നല്‍കും, മദ്യത്തിന് അടിമകളായവരെ പുനരധിവസിപ്പിക്കും, പ്രത്യേക കാര്‍ഷിക ബജറ്റ്, ജലസേചന- സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മന്ത്രി, നെല്ല്, കരിമ്പ് തുടങ്ങിയവയുടെ താങ്ങുവില വര്‍ധിപ്പിക്കും, ജൈവ പച്ചക്കറി കൃഷിയില്‍ പരിശീലനം, സേതുസമുദ്രം കനാല്‍ പദ്ധതി പുനരാരംഭിക്കും, തമിഴ്നാട്ടിലെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളില്‍ തമിഴ് തുല്യപദവിയുള്ള ഒൗദ്യോഗിക ഭാഷയാക്കും, തടാകങ്ങള്‍ 10,000 കോടി രൂപ മുടക്കി ശുചീകരിക്കും, ചെന്നൈയെ വെള്ളപ്പൊക്ക ഭീഷണിയില്‍നിന്ന് രക്ഷിക്കാന്‍ വിദഗ്ധ സമിതി, കൂടങ്കുളം ആണവനിലയത്തിനെതിരെ സമരം നടത്തിയവരുടെ പേരിലുള്ള കേസുകളും മാധ്യമങ്ങളുടെ മേലുള്ള മാനനഷ്ട കേസുകളും പിന്‍വലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.