നിതീഷിനെ അധ്യക്ഷനാക്കി ജനതാദള്‍–യു ദേശീയബദല്‍ സാധ്യതതേടുന്നു
text_fieldsന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ മുന്നില്‍നിര്‍ത്തി ദേശീയതലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ജനതാദള്‍-യുവിന്‍െറ മുന്നൊരുക്കം. ശരദ് യാദവിനുപകരം നിതീഷ്കുമാറിനെ പ്രസിഡന്‍റായി പാര്‍ട്ടി തെരഞ്ഞെടുത്തു. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബി.ജെ.പിക്ക് ബദലായി ദേശീയതലത്തില്‍ നിതീഷ്കുമാറിനെ മുന്നില്‍നിര്‍ത്തുന്ന പ്രാദേശിക കക്ഷികളുടെ കൂട്ടായ്മ ഉയര്‍ന്നുവരാനുള്ള സാധ്യതകൂടിയാണ് ഇതോടെ തെളിയുന്നത്.
10 വര്‍ഷം പ്രസിഡന്‍റായിരുന്ന ശരദ് യാദവ് നാലാമൂഴം ആ പദവിക്ക് താല്‍പര്യപ്പെടുന്നില്ളെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയിലെ അധികാരമാറ്റം. ജനതാദളിന്‍െറ സ്ഥാപകനേതാക്കളാണ് ഇരുവരും. ഈ മാസം 23ന് പട്നയില്‍ നടക്കുന്ന ജനതാദള്‍-യു ദേശീയ കൗണ്‍സില്‍ യോഗം നിതീഷ്കുമാറിനെ തെരഞ്ഞെടുത്ത നടപടി അംഗീകരിക്കും. ശരദ് യാദവ് പാര്‍ട്ടിയുടെ മാര്‍ഗദര്‍ശിയായി തുടരും. ബിഹാര്‍ പ്രധാനതട്ടകമായ ജനതാദള്‍-യുവിന് അവിടത്തുകാരനായ പ്രസിഡന്‍റ് വരുന്നത് ഇതാദ്യം. ശരദ് യാദവിന്‍െറ ജന്മദേശം മധ്യപ്രദേശാണ്. അതിനുമുമ്പ് പ്രസിഡന്‍റായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് കര്‍ണാടക സ്വദേശി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടമാണ് നിതീഷ്കുമാറിന്‍െറ നേതൃത്വത്തില്‍ മതേതരസഖ്യം ബിഹാറില്‍ കാഴ്ചവെച്ചത്. നിതീഷിനെ മുന്നില്‍നിര്‍ത്തുന്ന തെരഞ്ഞെടുപ്പുസമവാക്യം ബിഹാറില്‍ കോണ്‍ഗ്രസും ലാലുവിന്‍െറ ആര്‍.ജെ.ഡിയും അംഗീകരിച്ചത് വിജയത്തിന് കരുത്തുപകര്‍ന്നു. മോദിയെ നേരിടുന്നതില്‍ ദേശീയതലത്തില്‍തന്നെ ഉയര്‍ത്തിക്കാട്ടുന്ന നേതാവായി നിതീഷ് മാറിയിട്ടുണ്ട്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ പ്രാദേശിക പാര്‍ട്ടികള്‍ നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ സാധ്യത ഏറെ. ഇതിന്‍െറ തുടക്കമെന്നോണം ജനതാപരിവാര്‍ ലയനത്തിനായുള്ള ശ്രമങ്ങള്‍ വീണ്ടും ഊര്‍ജിതമായിട്ടുണ്ട്. ജനതാദള്‍-യു, അജിത് സിങ്ങിന്‍െറ രാഷ്ട്രീയ ലോക്ദള്‍, ബാബുലാല്‍ മറാണ്ടി നയിക്കുന്ന ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്നിവ വൈകാതെ ഒന്നിച്ചേക്കും. ബിഹാര്‍ തെരഞ്ഞെടുപ്പ് നേരത്ത് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പാലം വലിച്ചതുവഴിയാണ് ജനതാപരിവാര്‍ ലയനം അലസിപ്പോയത്. ആറു പാര്‍ട്ടികളുടെ ലയനത്തിന് നേരത്തേ ഒൗദ്യോഗിക പ്രഖ്യാപനം നടന്നതാണ്.
അതില്‍നിന്ന് തെന്നിമാറിയ മുലായം, ബിഹാറില്‍ നിതീഷിനൊപ്പം കൂടാതെ സ്വന്തനിലക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി എട്ടുനിലയില്‍ പൊട്ടി. അതിനുശേഷമാണിപ്പോള്‍ മുലായം ഇല്ലാതെതന്നെ ജനതാപരിവാര്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിന് സാഹചര്യം ഒരുങ്ങിവരുന്നത്. മുലായത്തിന്‍െറ പാര്‍ട്ടി സ്വന്തനിലക്ക് ബിഹാറില്‍ മത്സരിച്ചെങ്കില്‍, പുതിയ ജനതാപരിവാര്‍ അടുത്ത വര്‍ഷത്തെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അത് മുലായത്തെ പ്രതിസന്ധിയിലാക്കാനും സാധ്യതയേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.