അമേരിക്കന്‍ പടക്ക് ഇന്ത്യ വാതില്‍ തുറക്കുന്നു
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക താവളങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന് കടന്നുവരാന്‍ മോദിസര്‍ക്കാര്‍ വഴിയൊരുക്കി. വിവാദങ്ങള്‍ ഭയന്ന് യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് നടപ്പാക്കാന്‍ മടിച്ച നിര്‍ണായക കരാറായ ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്‍റ് വൈകാതെ ഒപ്പുവെക്കുന്നതിന് മോദി ഗവണ്‍മെന്‍റും ഒബാമ ഭരണകൂടവും തീരുമാനിച്ചു. പ്രായോഗികമായ ആവശ്യങ്ങള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗപ്പെടുത്തുന്നതിനാണ് തത്വത്തില്‍ തീരുമാനം. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണ ഇന്ത്യയില്‍ എത്തിയിരിക്കുന്ന അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും പ്രതിരോധ മന്ത്രി മനോഹര്‍ പരീകറുമായി നടന്ന ചര്‍ച്ചകളില്‍ വിശദപദ്ധതി രൂപപ്പെടുത്തി.
അമേരിക്കന്‍ സേനയുടെ വിന്യാസം ഇന്ത്യന്‍ മണ്ണില്‍ അനുവദിക്കില്ല. എന്നാല്‍, പോര്‍ വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും അമേരിക്കന്‍ സൈനികര്‍ക്കും യാത്രാവഴിയില്‍ ഇന്ത്യന്‍ സന്നാഹങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവസരം ലഭിക്കും. സാഹചര്യങ്ങള്‍ വിലയിരുത്തി സന്ദര്‍ഭോചിതം ഓരോ തവണയും അനുമതി നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. വ്യോമ, സമുദ്രാതിര്‍ത്തിക്കുള്ളില്‍ അമേരിക്കന്‍ യുദ്ധസന്നാഹങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ലഭിക്കും. അറ്റകുറ്റ പണിക്കും താല്‍ക്കാലിക ക്രമീകരണങ്ങള്‍ക്കും വിശ്രമത്തിനും അമേരിക്കന്‍ സൈനിക താവളമായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ മാറുന്നതിലേക്കുകൂടി വഴിയൊരുക്കുന്നതാണ് പുതിയ ചുവട്.
അമേരിക്കയില്‍ ഇന്ത്യക്കും ഈ സൗകര്യങ്ങള്‍ കിട്ടുമെങ്കിലും, പല നാടുകളിലും അധിനിവേശം നടത്തുന്ന അമേരിക്കക്കാണ് ഇന്ത്യന്‍ മണ്ണ് ഇടത്താവളമോ അനുബന്ധ സൗകര്യമോ ആയിമാറാന്‍ പോവുന്നത്. അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ക്ക് അഫ്ഗാനിലേക്കും മറ്റുമുള്ള പറക്കലിനിടയില്‍ ഇന്ധനം നിറക്കുന്നതിന് ഇന്ത്യയില്‍ അവസരം നല്‍കാനുള്ള നീക്കം എതിര്‍പ്പുകളെ തുടര്‍ന്ന് തടയപ്പെട്ടിരുന്നു.
പ്രതിരോധ സഹകരണം തന്ത്രപര പങ്കാളിത്തമായി വികസിപ്പിക്കുന്നതിന്‍െറ പേരിലാണ് ആഷ്ടണ്‍ കാര്‍ട്ടറുടെ വരവില്‍ പുതിയ പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. ഇതിന്‍െറ ചര്‍ച്ചകള്‍ക്ക് നാലു മാസം മുമ്പ് മന്ത്രി മനോഹര്‍ പരീകര്‍ വാഷിങ്ടണില്‍ പോയിരുന്നു. അമേരിക്ക ഒരു പതിറ്റാണ്ടായി നടത്തുന്ന ശ്രമങ്ങളാണ് യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്. അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട് നാവിക സേനകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഗതിവേഗം പകരാനും പ്രതിരോധ മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.