റാഫേൽ കരാറിൽ ധാരണയിലെത്തി; ഇന്ത്യ വാങ്ങുന്നത് 36 ജെറ്റുകൾ
text_fieldsന്യൂഡൽഹി: റാഫേൽ ജെറ്റ് വിമാനക്കരാറിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ അന്തിമ ധാരണയിലെത്തി. കരാർപ്രകാരം 8.8 ബില്യൺ ഡോളർ (880 കോടി രൂപ) മുടക്കി 36 പോർവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. മൂന്ന് ആഴ്ചകൾക്കുള്ളിൽ കരാറിൽ ഒപ്പിടും. ആദ്യത്തെ വിമാനം ലഭിക്കാൻ കുറഞ്ഞത് 18 മാസമെങ്കിലും ഇന്ത്യക്ക് കാത്തിരിക്കേണ്ടിവരും.
36 ജെറ്റുകൾക്ക് 12 ബില്യൺ ഡോളറായിരുന്നു (1200 കോടി) ഫ്രാൻസ് ആദ്യം മുന്നോട്ടുവെച്ച തുക. ഇതിൽ നിന്നും മൂന്ന് ബില്യൺ കുറച്ചാണ് ഇന്ത്യക്ക് ജെറ്റുകൾ ലഭിക്കുന്നത്. കഴിഞ്ഞവർഷം നടത്തിയ പാരിസ് സന്ദർശനത്തിൽ 36 ജെറ്റുകൾ ഓർഡർ ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം 120 ജെറ്റുകൾ വാങ്ങുന്നതിനായിരുന്നു തീരുമാനമെടുത്തിരുന്നത്. എന്നാൽ വില സംബന്ധിച്ച് തർക്കം തുടർന്നതിനാൽ വിമാനത്തിൻെറ എണ്ണത്തിൽ കുറവുവരികയായിരുന്നു.
ജനുവരിയിൽ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒലാൻഡെയുമായി നടത്തിയ ചർച്ചയിലും വില സംബന്ധിച്ച് തീരുമാനമായിരുന്നില്ല.
ദാസോൾട്ട് ഏവിയേഷനാണ് റാഫേൽ ജെറ്റുകൾ നിർമിക്കുന്നത്. പഴക്കം ചെന്ന പോർവിമാനങ്ങൾ പിൻവലിക്കാൻ വ്യോമസേന നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. 2017 മുതൽ പഴയ വിമാനങ്ങൾ പിൻവലിച്ചു തുടങ്ങണമെന്നാണ് വ്യോമസേന ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.