ഹന്ദ്വാര പെൺകുട്ടിയുടെ മാതാവിനെ പത്രസമ്മേളനം നടത്താൻ അനുവദിച്ചില്ല
text_fieldsശ്രീനഗർ: ഹന്ദ്വാരയിൽ സൈനികൻ പീഡിപ്പിച്ചുവെന്ന പരാതി നൽകിയ സ്കൂൾ വിദ്യാർഥിനിയുടെ മാതാവിനെ വാർത്താസമ്മേളനം നടത്താൻ അനുവദിച്ചില്ല. ഇന്ന് രാവിലെ വാർത്താസമ്മേളനം നടത്തുമെന്നാണ് അവർ അറിയിച്ചിരുന്നത്. എന്നാൽ അധികൃതരുടെ എതിർപ്പിനെ തുടർന്ന് വാർത്താസമ്മേളനം മാറ്റിവെക്കുകയായിരുന്നു.
അതേസമയം, സൈനികൻ പീഡിപ്പിച്ചുവെന്ന പരാതി നൽകിയ വിദ്യാർഥിനിയും പിതാവും നാല് ദിവസങ്ങളായി പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സുരക്ഷിത കസ്റ്റഡിയിലാണ് ഇവരെന്നും കുടുംബം ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത് എന്നുമാണ് പൊലീസിന്‍റെ വാദം. എന്നാൽ തങ്ങൾ പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി. പെൺകുട്ടിയെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുന്നതിന് പൊലീസ് സ്റ്റേഷനിലേക്കെത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ പിതാവിനെയുംകസ്റ്റഡിയിൽ വെക്കുകയായിരുന്നു.
അതേസമയം, സംഭവത്തെത്തുടർന്ന് കശ്മീർ താഴ്വരയിൽ സംഘർഷം നിലനിൽക്കുകയാണ്. ചൊവ്വാഴ്ച മുതലുള്ള അനിഷ്ടസംഭവങ്ങളിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെട്ടു. കുപ്് വാരയിൽ പ്രതിഷേധപ്രകടനം നടത്തിയവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇന്നലെ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് പൊലീസുകാരേയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് അക്രമം തടയുന്നതിനായി നിയോഗിച്ചിട്ടുള്ളത്. അഭ്യൂഹങ്ങളുടെ പേരിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.