കരാര്‍ ജീവനക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 10,000 രൂപയാക്കും
text_fieldsഹൈദരാബാദ്: രാജ്യത്തെ കരാര്‍ ജീവനക്കാരുടെ കുറഞ്ഞ പ്രതിമാസവേതനം 10,000 രൂപയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഒരാഴ്ചക്കുള്ളില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
കുറഞ്ഞ വേതനനിയമത്തില്‍ ഭേദഗതി വരുത്തി കരാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനാണ് ശ്രമം. എന്നാല്‍, പാര്‍ലമെന്‍റില്‍ പ്രതിപക്ഷകക്ഷികള്‍ സഹകരിക്കാത്തതിനാല്‍ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ ഇത് നടപ്പാക്കുമെന്നും ഹൈദരാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ വിലയിരുത്താന്‍ അടുത്ത മാസം ആറ് മേഖലാ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കും. കരാര്‍ തൊഴില്‍ (നിയന്ത്രണവും റദ്ദാക്കലും) കേന്ദ്രനിയമത്തിലെ റൂള്‍ 25ല്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ഭേദഗതിയോടെ നിയമമന്ത്രാലയത്തിന്‍െറ അനുമതിക്കായി അയച്ചതായും മന്ത്രി പറഞ്ഞു. വിജ്ഞാപനം വരുന്നതോടെ എല്ലാ സംസ്ഥാന സര്‍ക്കാറുകളും തീരുമാനം നടപ്പാക്കും. ഉപഭോക്തൃവില സൂചികക്കും ഡി.എ വ്യതിയാനത്തിനും അനുസൃതമായി കുറഞ്ഞ കൂലിയില്‍ വര്‍ധന വരുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അതിന്‍െറ ആദ്യപടിയായാണ് കുറഞ്ഞ പ്രതിമാസ വേതനം 10,000 രൂപയായി വര്‍ധിപ്പിക്കുന്നത്. ഘട്ടംഘട്ടമായി അന്താരാഷ്ട്ര തലത്തിലെ വേതനത്തിനനുസൃതമായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കരാറുകാരും തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ പ്രതിമാസം 8500 രൂപ വേതനം ലഭിക്കുന്ന തെലങ്കാനയിലെയും ആന്ധ്രപ്രദേശിലെയും ഒരു ലക്ഷത്തില്‍പരം ശുചീകരണത്തൊഴിലാളികള്‍ക്കുള്‍പ്പെടെ രാജ്യത്തെങ്ങുമുള്ള കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് നിയമം ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി മിനിമം പെന്‍ഷന്‍ 1000 രൂപയായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ബോണസ് 3500ല്‍നിന്ന് 7000 ആയി വര്‍ധിപ്പിച്ചു. ബോണസിനുള്ള വേതനപരിധി 10,000ത്തില്‍നിന്ന് 21,000 ആയും ഉയര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.