സൈനികൻ പീഡിപ്പിച്ചിട്ടില്ലെന്ന് ഹന്ദ്വാര പെൺകുട്ടിയുടെ മൊഴി
text_fieldsശ്രീനഗർ: ഹന്ദ്വാരയിൽ സൈനികൻ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ നിലപാട് മാറ്റിപ്പറഞ്ഞു. ശനിയാഴ്ച രാത്രി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടി തന്നെ ഒരു സൈനികനും പീഡിപ്പിച്ചില്ലെന്ന് മൊഴി നൽകി. സ്കൂളിൽ നിന്ന് വരുന്ന വഴിയിൽ രണ്ടു വിദ്യാർഥികൾ തന്നെ പിന്തുടരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് പെൺകുട്ടി മജിസ്ട്രേറ്റിനോട് പറഞ്ഞത്.
സുഹൃത്തിനോടൊപ്പം സ്കൂളിൽ നിന്ന് മടങ്ങുന്ന വഴി ഹന്ദ്വാരയിലെ പൊതുശൗചാലയത്തിൽ കയറിയിരുന്നു. അവിടെ നിന്ന് ഇറങ്ങിയപ്പോഴാണ് രണ്ട് ആൺകുട്ടികൾ തന്നോട് അപമര്യാദയായി പെരുമാറുകയും ബാഗ് തട്ടിയെടുത്തുകൊണ്ട് ഓടുകയും െചയ്തത്. ഇവരിലൊരാൾ സ്കൂൾ യൂണിഫോമിലായിരുന്നു എന്നും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി നൽകിയ ഈ മൊഴിയായിരിക്കും പ്രധാന തെളിവായി കോടതി സ്വീകരിക്കുക.
ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു വീഡിയോ പൊലീസ് നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാൽ, നാലഞ്ച് ദിവസങ്ങളായി അന്യായമായി പൊലീസ് കസ്റ്റഡിയിൽ തുടരുന്ന പെൺകുട്ടിക്ക് മേലുള്ള സമ്മർദം മൂലമാകാം ഇത്തരത്തിൽ ഒരു മൊഴി നൽകിയത് എന്നായിരുന്നു പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്. പെൺകുട്ടിയുടെ അന്യായ തടങ്കലിനെതിരെ അവർ ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് പൊലീസ് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് എസ്.ജെ.എം ഗീലാനി അറിയിച്ചു. മൊബൈൽ-ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കുപ് വാര ജില്ലയിലെ ഹന്ദ്വാരയിൽ കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച കലാപത്തിൽ ഇതുവരെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.