ഗവർണർ കേന്ദ്രസർക്കാരിന്‍റെ ഏജന്‍റല്ലെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി
text_fieldsനൈനിറ്റാൾ: ഗവർണർ കേന്ദ്രസർക്കാരിന്‍റെ ഏജന്‍റല്ലെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കേന്ദ്രത്തിനും ഗവർണർക്കും എതിരായ കോടതിയുടെ രൂക്ഷമായ വിമർശം.
സംസ്ഥാനത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇത്തരത്തിൽ ഇടപെടുന്നത് നിസാര കാര്യമല്ല. അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ അടിയന്തിരമായി ഗവർണർ ഇടപെടേണ്ടതുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അഞ്ചാംവർഷം മറിച്ചിടാമെന്നാണോ നിങ്ങൾ കരുതുന്നത്‍്? ഗവർണർ കേന്ദ്രത്തിന്‍റെ ഏജന്‍റല്ല. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനായി രാഷ്ട്രീയ കക്ഷികളെ ക്ഷണിക്കാൻ ചുമതലപ്പെട്ടയാളാണെന്നും ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് ഓർമിപ്പിച്ചു.
ഭരണാഘടനപരമായ സംവിധാനം സംസ്ഥാനത്ത് തകർന്നതിനാലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് എന്നാണ് കേന്ദ്രം ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ഹരജിയിൽ വാദം കേൾക്കുന്നത് നീട്ടിവെക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു. എന്നാൽ കേന്ദ്രത്തിന്‍റെ വാദം കേൾക്കാതെ ഹരജിയിൽ വിധി പറയില്ലെന്നും കോടതി ഉറപ്പ് നൽകി.
ഒൻപത് ഭരണകക്ഷി എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്നാണ് ഹരീഷ് റാവത്ത് സർക്കാർ പ്രതിസന്ധിയിലായത്. തുടർന്ന് വിശ്വാസ വോട്ട് നേടാൻ സ്പീക്കർ അനുമതി നൽകിയെങ്കിലും സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായി രണ്ടു ദിവസം ശേഷിക്കെ ഹരീഷ് റാവത്ത് സർക്കാരിനെ ഗവർണർ പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരെ ഹരീഷ് റാവത്ത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.