ഇശ്റത് കേസിലെ പ്രതി പാണ്ഡെ ഗുജറാത്ത് ഡി.ജി.പി
text_fieldsന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നേരിടുന്ന സീനിയര്‍ ഐ.പി.എസ് ഓഫിസര്‍ പി.പി. പാണ്ഡെക്ക് ഗുജറാത്ത് പൊലീസ് മേധാവിയായി സ്ഥാനക്കയറ്റം. ഡി.ജി.പിയായിരുന്ന പി.സി. ഠാക്കൂറിനെ അപ്രതീക്ഷിതമായി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റിയാണ് പാണ്ഡെയെ ഗുജറാത്ത് ഡി.ജി.പിയാക്കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ഫയര്‍ഫോഴ്സ്-സിവില്‍ ഡിഫന്‍സ് ടീമിന്‍െറ തലവനായാണ് ഠാക്കൂറിന്‍െറ പുതിയ നിയമനം. പൊടുന്നനെയുള്ള സ്ഥലംമാറ്റത്തിലുള്ള അപ്രീതി പി.സി. ഠാക്കൂര്‍ പരസ്യമാക്കുകയും ചെയ്തു. രോഗശയ്യയിലുള്ള ഭാര്യയുടെ പരിചരണത്തിന് ഗുജറാത്തില്‍ തുടരണമെന്നും ഡല്‍ഹിയിലെ നിയമനം ഏറ്റെടുക്കാന്‍ സാധ്യമല്ളെന്നും അദ്ദേഹം സര്‍ക്കാറിനെ അറിയിച്ചു.
ഠാക്കൂറിന്‍െറ താല്‍പര്യത്തിന് വിരുദ്ധമായി ഡല്‍ഹിയിലേക്ക് സ്ഥലംമാറ്റിയതിന് പിന്നില്‍ പാണ്ഡെയെ ഗുജറാത്ത് പൊലീസ് മേധാവിയായി കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ ഇടപെടലാണെന്നാണ് ആക്ഷേപം. ഇശ്റത് ജഹാന്‍, മലയാളിയായ പ്രാണേഷ്കുമാര്‍ എന്ന ജാവേദ് ശൈഖ് എന്നിവരടക്കം നാലുപേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് പി.പി. പാണ്ഡെക്കെതിരായ കേസ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, നരേന്ദ്ര മോദിയെ കൊല്ലാന്‍ വന്ന തീവ്രവാദികളെന്ന് ആരോപിച്ചാണ് ഇശ്റത്തിനെയും പ്രാണേഷ്കുമാറിനെയും പൊലീസ് വെടിവെച്ചുകൊന്നത്.
ഇശ്റത്തിന്‍െറയും പ്രാണേഷിന്‍െറയും ബന്ധുക്കളുടെ ഹരജിയെ തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ നടന്ന സി.ബി.ഐ അന്വേഷണത്തിലാണ് സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടത്തെി പി.പി. പാണ്ഡെ അടക്കമുള്ള പൊലീസ് ഓഫിസര്‍മാര്‍ പ്രതിചേര്‍ക്കപ്പെട്ടത്. അറസ്റ്റ് ചെയ്യപ്പെട്ട പാണ്ഡെ 18 മാസം ജയിലിലായിരുന്നു.
കേന്ദ്രത്തിലെ ഭരണത്തിനുശേഷം 2015 ഫെബ്രുവരിയില്‍ ജാമ്യം ലഭിച്ച പാണ്ഡെ സര്‍വിസില്‍ തിരിച്ചത്തെി. ഗുജറാത്ത് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ തലവനായി പ്രവര്‍ത്തിക്കവെയാണ് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. പാണ്ഡെ കഴിഞ്ഞ ദിവസം ചുമതലയേല്‍ക്കുകയും ചെയ്തു. ഗുജറാത്തിനുവേണ്ടിയാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും അതുതന്നെ തുടരുമെന്നും പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.