പി.എഫ് പിന്‍വലിക്കല്‍: ഭേദഗതികള്‍ റദ്ദാക്കി
text_fieldsന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടില്‍നിന്ന് (ഇ.പി.എഫ്) അംഗങ്ങളുടെ തുക പിന്‍വലിക്കുന്നത് സംബന്ധിച്ച് പുതുതായി ഏര്‍പ്പെടുത്തിയ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. തൊഴിലാളികളുടെ ഭാഗത്തുനിന്നുയര്‍ന്ന കടുത്ത പ്രതിഷേധത്തിന്‍െറ പശ്ചാത്തലത്തിലാണ് നടപടി.
തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതികൾ നടപ്പാക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച ബംഗളൂരുവില്‍ തൊഴിലാളി പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ജൂലൈ 31 വരെ മൂന്നു മാസത്തേക്കുകൂടി മരവിപ്പിക്കുകയാണെന്നും ബന്ധപ്പെട്ട എല്ലാവരുമായും വിഷയം ചര്‍ച്ചചെയ്യുമെന്നും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 10ന് ഇറക്കിയ പുതിയ മാനദണ്ഡങ്ങളുടെ വിജ്ഞാപനം റദ്ദാക്കുകയാണെന്നും പഴയ രീതി തുടരുമെന്നും തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലാളി യൂനിയനുകളുടെ ആവശ്യം മാനിച്ചാണ് തീരുമാനം പിന്‍വലിക്കുന്നതെന്നും നേരത്തേ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതും യൂനിയനുകളുടെ ആവശ്യപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
പി.എഫിലേക്കുള്ള തൊഴിലാളികളുടെ വിഹിതത്തിന് ഏറക്കുറെ തുല്യമായ തുക തൊഴിലുടമ നിക്ഷേപിക്കുകയും ഇതിന് പലിശ ലഭിക്കുകയും ചെയ്യുന്നതാണ് ഇ.പി.എഫ് പദ്ധതി. ഫെബ്രുവരിയിലാണ് തൊഴിലാളികളുടെ പ്രധാന നിക്ഷേപപദ്ധതിയായ ഇ.പി.എഫില്‍നിന്നുള്ള തുക പിന്‍വലിക്കലിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. രാജ്യത്തെ റിട്ടയര്‍മെന്‍റ് പ്രായം 55ല്‍നിന്ന് 58 ആയി ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടി റിട്ടയര്‍മെന്‍റിന് മുമ്പായി തുക പിന്‍വലിക്കുന്നതിനുള്ള പ്രായപരിധി 54ല്‍നിന്ന് 58 ആയി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. നേരത്തേ 54 വയസ്സായവര്‍ക്ക് തുകയുടെ 90 ശതമാനവും പിന്‍വലിക്കാനാവുമായിരുന്നു. എന്നാല്‍, പുതിയ മാനദണ്ഡത്തില്‍, തൊഴിലുടമയുടെ വിഹിതം നിക്ഷേപത്തില്‍നിന്ന് പിന്‍വലിക്കുന്നതിനുള്ള പ്രായപരിധി 58 വയസ്സാക്കി ഉയര്‍ത്തി. തൊഴില്‍ നഷ്ടപ്പെട്ട് രണ്ടു മാസം കഴിഞ്ഞാല്‍പോലും പി.എഫിലെ തുക പൂര്‍ണമായി പിന്‍വലിക്കാനാകില്ളെന്നും നിബന്ധന കൊണ്ടുവന്നു. വിവാഹം, പ്രസവം തുടങ്ങിയ കാരണങ്ങള്‍ക്കായി ജോലി രാജിവെക്കുന്ന സ്ത്രീകള്‍ക്കുമാത്രമാണ് ഇതില്‍ ഇളവ് നല്‍കിയിരുന്നത്. എല്‍.ഐ.സിയുടെ വരിഷ്ത പെന്‍ഷന്‍ ഭീമ യോജനയില്‍ നിക്ഷേപിക്കുന്നതിനായി തുക പിന്‍വലിക്കുന്നതിനും 57 വയസ്സ് പ്രായപരിധി ഏര്‍പ്പെടുത്തി.
വസ്ത്രനിര്‍മാണ മേഖലയിലും മറ്റും 50 വയസ്സിനു മുകളില്‍ ജോലിയില്‍ തുടരാനാവുമോ എന്ന് തൊഴിലാളികള്‍ക്ക് ഒരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ 58 വയസ്സുവരെ കാത്തിരിക്കണമെന്ന നിബന്ധനയെ തൊഴിലാളി യൂനിയനുകള്‍ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.