ഇന്ത്യ കുരുട സാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
text_fieldsന്യൂഡല്‍ഹി: കുരുട സാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവാണ് ഇന്ത്യയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എല്ലാവരും കൊതിക്കുന്ന സുന്ദരിയാകാനാണ് ഇന്ത്യയുടെ മോഹമെന്ന് ചൈനീസ് മാധ്യമങ്ങള്‍. സാമ്പത്തിക മാന്ദ്യത്തിന്‍െറ പ്രയാസങ്ങള്‍ മറച്ചുവെച്ച് മറുനാടന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും വളര്‍ച്ചയില്‍ ഒന്നാം സ്ഥാനത്താണെന്ന് വാദിക്കുകയും ചെയ്യുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാറിന് അകത്തുനിന്നും പുറത്തുനിന്നുമായി ഈ കൂരമ്പുകള്‍.
സര്‍ക്കാറിന്‍െറ അവകാശവാദങ്ങള്‍ക്ക് ഇത്തരത്തില്‍ പ്രഹരമേറ്റതിനെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മറ്റും പ്രതിരോധവുമായി രംഗത്തിറങ്ങി.
ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ വേഗത്തില്‍ വളരുന്നുണ്ടെന്നും, ഏറ്റവും കൂടുതല്‍ വേഗം ഇന്ത്യക്കാണെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു. ഏഴര ശതമാനം വളര്‍ച്ച നിരക്ക് മറ്റൊരു രാജ്യത്തിനും ഇപ്പോഴില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല മഴക്കാലം ലഭിച്ചാല്‍ വളര്‍ച്ചവേഗം ഇനിയും കൂടും. വിദേശനിക്ഷേപ വരവിലും പൊതുനിക്ഷേപത്തിലും വര്‍ധനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മാന്ദ്യം എല്ലാ രാജ്യങ്ങളെയും മുരടിപ്പിലേക്കു തള്ളിയിരിക്കുന്നതിനിടെ, ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങളുടെ പരിമിതിയുണ്ടെന്ന സൂചനയാണ് ഉപമയിലൂടെ രഘുറാം രാജന്‍ നല്‍കിയത്. എന്നാല്‍, അദ്ദേഹം ഭേദപ്പെട്ട വാക്കുകള്‍ ഉപയോഗിക്കണമായിരുന്നുവെന്നാണ് വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചത്. ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ ഫലം കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രത്യക്ഷ വിദേശനിക്ഷേപ വരവ് കൂടി. നിര്‍മാണ മേഖല മെച്ചപ്പെടുകയാണ്. കയറ്റിറക്കുമതി അന്തരം നിയന്ത്രണ വിധേയമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
എല്ലാ പുരുഷന്മാരും കൊതിക്കുന്ന സുന്ദരിയാകാന്‍ ശ്രമിക്കുന്ന ഇന്ത്യക്ക് അമേരിക്കയുടെയും ചൈനയുടെയും ശക്തിയിലാണ് കണ്ണെന്നും ചൈനീസ് ഒൗദ്യോഗിക മാധ്യമമായ ഗ്ളോബല്‍ ടൈംസ് നിരീക്ഷിച്ചു. അമേരിക്കക്ക് ഇന്ത്യന്‍ സൈനിക താവളങ്ങളില്‍ പ്രവേശനം അനുവദിക്കുന്ന നിര്‍ണായക കരാറില്‍ ഒപ്പുവെക്കാന്‍ പോകുന്നതിനെക്കുറിച്ചാണ് ഈ പരിഹാസം വന്നത്.
ആഗോള സമ്പദ്രംഗത്തെ സ്ഥിതി അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് ജെയ്റ്റ്ലി പറഞ്ഞു. സ്ഥിതി കണക്കിലെടുത്ത് സ്വന്തം സംവിധാനങ്ങള്‍ സംരക്ഷിക്കുന്നതിന് ഓരോ രാജ്യങ്ങളും അവരുടേതായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. സ്വന്തം പരിമിതികള്‍ക്കുള്ളില്‍നിന്ന് വളരാനും മാന്ദ്യം മറികടക്കാനും ശ്രമിക്കുകയാണ്.
ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞാല്‍ സ്ഥിതി മെച്ചപ്പെടുമെന്ന് ഉറപ്പിച്ചുപറയാന്‍ ആര്‍ക്കും കഴിയുന്നില്ളെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഗോള സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ വളര്‍ച്ച നിരക്ക് മെച്ചപ്പെട്ടതു വഴി ചൈന കൂടുതല്‍ പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, മറ്റു രാജ്യങ്ങളെപ്പോലെ ചൈനക്കും അവരുടേതായ വെല്ലുവിളികളുണ്ട്. ആഭ്യന്തര ഉപഭോഗത്തിന് ഊന്നല്‍നല്‍കുന്ന മാറ്റം ചൈനയില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.