ജലക്ഷാമം: വെള്ളത്തിനായുള്ള യാത്രയിൽ 12 വയസുകാരി മരിച്ചു
text_fieldsബീഡ് (മഹാരാഷ്ട്ര): അര കിലോമീറ്റർ അകലെയുള്ള പൈപ്പിൽ നിന്നും വെള്ളമെടുക്കാൻ പോയ 12 വയസുകാരിയായ യോഗിത ദേശായ് ഹൃദയാഘാതവും നിർജലീകരണവും മൂലം മരിച്ചു. മറാത്ത് വാഡ മേഖലയിലെ ഏറ്റവും രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ബീഡിൽ ഞായറാഴ്ചയായിരുന്നു സംഭവം. ദിവസങ്ങളായി വയറിളക്കം മൂലം തളർന്നിരിക്കുകയായിരുന്ന യോഗിത വെള്ളമെടുക്കാനുള്ള അഞ്ചാമത്തെ യാത്രയിലാണ് ബോധരഹിതയായി പൈപ്പിനടുത്ത് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഡോക്ടറുടെ അടുത്ത് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
യോഗിതയുടെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള ഹാൻഡ് പമ്പിൽ പോയി ഏറെനേരം പമ്പ് പ്രവർത്തിപ്പിച്ചാലാണ് ഒരു കുടം ജലം ലഭിക്കുക. അതിനാൽ അസുഖ ബാധിതയായിരുന്നുവെങ്കിലും അത് വകവെക്കാതെ വെള്ളമെടുക്കാൻ പോകുകയായിരുന്നു യോഗിത. ശുദ്ധജലക്ഷാമം മൂലമാണ് യോഗിതക്ക് വയറിളക്കം ബാധിച്ചത്. മഹാരാഷ്ട്രയിലെ ബീഡ് കടുത്ത വരൾച്ച നേരിടുന്ന ജില്ലയാണ്. ഞായറാഴ്ച ഇവിടെ രേഖപ്പെടുത്തിയ ചൂട് 42 ഡിഗ്രിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.