സർക്കാർ സ്വകാര്യ പാർട്ടിയാണോ; കേന്ദ്രത്തിന് വീണ്ടും ഹൈകോടതിയുടെ വിമർശം
text_fieldsനൈനിറ്റാൾ: ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഒരാഴ്ചത്തേക്ക് പിൻവലിക്കില്ലെന്ന് കേന്ദ്രം ഉറപ്പ് വരുത്തണമെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി. ഉത്തരാഖണ്ഡിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ ശ്രമങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് കേന്ദ്രത്തെ വിമർശിച്ച് ഹൈകോടതി വീണ്ടും രംഗത്തെത്തിയത്.
നാളെ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഭരിക്കാനായി ആരെയെങ്കിലും ക്ഷണിക്കുന്നത് നിയമത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. സർക്കാർ സ്വകാര്യ പാർട്ടിയാണോയെന്നും കോടതി ചോദിച്ചു.
കേന്ദ്രത്തിന്‍റെ നടപടിയെ കഴിഞ്ഞദിവസവും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്‍റെ അധികാരങ്ങളെ കേന്ദ്രസർക്കാർ കവരുകയാണെന്നും ഡൽഹിയിലിരുന്ന് ഉത്തരാഖണ്ഡിൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവില്ലെന്നും കഴിഞ്ഞ ദിവസം കോടതി വിമർശിച്ചിരുന്നു.
രാഷ്ട്രപതിയുടെ ഉത്തരവിനെ കോടതിക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചപ്പോൾ നിയമത്തിന് മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രപതിയുടെ വിവേകത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ച് എല്ലാം നിയമത്തിന്‍റെ കീഴിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉറപ്പാക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു.
ഒമ്പത് വിമത എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്നാണ് ഉത്തരാഖണ്ഡിൽ ഭരണപ്രതിസന്ധിയുണ്ടായത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്‍റെ ശിപാർശ ഒരുമാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.