ഉത്തരാഖണ്ഡ്: രാഷ്ട്രപതിഭരണം റദ്ദാക്കിയത് സുപ്രീംകോടതി സ്റ്റേ ചെയ്തു
text_fieldsന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈകോടതിവിധി ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി മരവിപ്പിച്ചു. ബുധനാഴ്ച കേസില്‍ വാദം കേള്‍ക്കുന്നതുവരെ ഉത്തരാഖണ്ഡ് രാഷ്ട്രപതിഭരണത്തിന്‍ കീഴിലായിരിക്കുമെന്നും അതുവരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ബദല്‍സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങളുണ്ടാവില്ളെന്ന്് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.രാഷ്ട്രപതിഭരണം റദ്ദാക്കി വ്യാഴാഴ്ച പുറപ്പെടുവിച്ച വിധി കക്ഷികള്‍ക്ക് ലഭ്യമാക്കിയില്ല എന്ന കേന്ദ്രസര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈകോടതിവിധി സുപ്രീംകോടതി മരവിപ്പിച്ചത്. വിധിയുടെ പകര്‍പ്പ് അടുത്ത ചൊവ്വാഴ്ചക്കകം സുപ്രീംകോടതിക്കും കേസിലെ കക്ഷികള്‍ക്കും നല്‍കണമെന്ന് ബെഞ്ച് ഉത്തരവില്‍ നിര്‍ദേശിച്ചു. 27ന് സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുന്നതുവരെ രാഷ്ട്രപതിഭരണം പിന്‍വലിച്ച് ബദല്‍സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളൊന്നും നടത്തില്ളെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി എഴുതിനല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഹൈകോടതിവിധി ചോദ്യംചെയ്ത് കേന്ദ്രം സമര്‍പ്പിച്ച അപ്പീലില്‍ തുടക്കത്തില്‍തന്നെ കേന്ദ്രസര്‍ക്കാറിന്‍െറ ആവശ്യത്തിനൊപ്പം നില്‍ക്കുന്ന നിലപാടാണ് സുപ്രീംകോടതി ബെഞ്ചിലെ ഇരു ജഡ്ജിമാരും കൈക്കൊണ്ടത്.
വിധിയുടെ പകര്‍പ്പ് ഇറക്കും മുമ്പെ രാഷ്ട്രപതിക്ക് പകരം ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണമേറ്റെടുത്തത് നിയമവിരുദ്ധമാണെന്നും പകര്‍പ്പ് ലഭ്യമാക്കാതിരുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന്‍െറ തുടര്‍നിയമനടപടികള്‍ക്കുള്ള വഴിയടക്കുകയാണ് ഹൈകോടതി ചെയ്തതെന്നും കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി കുറ്റപ്പെടുത്തി. ഈ വാദം ഖണ്ഡിച്ച ഉത്തരാഖണ്ഡ് സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി തുറന്നകോടതിയില്‍ പുറപ്പെടുവിച്ച വിധി രേഖാമൂലം ഇറക്കാതെതന്നെ പ്രാബല്യത്തിലാക്കാമെന്ന സുപ്രീംകോടതിയുടെ പഴയവിധി എടുത്തുകാട്ടിയെങ്കിലും കോടതി സീകരിച്ചില്ല.
കേന്ദ്രസര്‍ക്കാറിന്‍െറ വാദം അംഗീകരിച്ച് ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്താല്‍ ഉത്തരാഖണ്ഡില്‍ ബി.ജെ.പി സര്‍ക്കാറിനെ സ്ഥാപിക്കുകയെന്ന രാഷ്ട്രീയതന്ത്രത്തിന് അവസരമൊരുക്കുകയായിരിക്കും സുപ്രീംകോടതി ചെയ്യുന്നതെന്ന് ഉത്തരാഖണ്ഡ് സ്പീക്കര്‍ക്കുവേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ ബോധിപ്പിച്ചു. കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കി ബി.ജെ.പി സര്‍ക്കാറിനെ തല്‍സ്ഥാനത്ത് കൊണ്ടുവരുന്നതിനുള്ള ആദ്യപടിയാണ് രാഷ്ട്രപതിഭരണമെന്നും സിബല്‍ വാദിച്ചു. ഇതിനിടയില്‍ ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വേണ്ടിയെന്നുപറഞ്ഞ് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചത് ഉത്തരാഖണ്ഡ് സ്പീക്കര്‍ക്കുവേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ ചോദ്യം ചെയ്തു. കൂറുമാറിയ ഒമ്പത് എം.എല്‍.എമാരുടെ കേസ് ഉത്തരാഖണ്ഡ് ഹൈകോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ എങ്ങനെ സുപ്രീംകോടതിയില്‍ ഈ വിഷയമുന്നയിക്കാന്‍ കഴിയുമെന്ന് കപില്‍ സിബല്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ കേസ് സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള അപേക്ഷയാണ് നല്‍കേണ്ടതെന്നും സിബല്‍ വാദിച്ചു. അതോടെ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വേണ്ടിയല്ല കേന്ദ്രസര്‍ക്കാറിന് വേണ്ടിയാണ് ഹാജരാകുന്നതെന്ന് ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ മാറ്റിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.