ഉത്തരാഖണ്ഡ്: സ്പീക്കറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി പിടിവള്ളിയാക്കിയത് വിധിപ്രസ്താവം രേഖാമൂലം നല്‍കാതിരുന്ന ഹൈകോടതി നടപടി. രാഷ്ട്രപതിഭരണം തിരിച്ചുകൊണ്ടുവരണമെന്ന കേന്ദ്രസര്‍ക്കാറിന്‍െറ ആവശ്യത്തോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ച സുപ്രീംകോടതി ഉത്തരാഖണ്ഡ് സ്പീക്കര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ച നിരവധി ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം നല്‍കിയതുമില്ല. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍െറ കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആരോപണം സുപ്രീംകോടതി ഏറ്റുപിടിച്ചപ്പോഴായിരുന്നു കപില്‍ സിബല്‍ ആദ്യ ചോദ്യമുന്നയിച്ചത്.
കുതിരക്കച്ചവടം ജനാധിപത്യത്തിന് അപകടകരമാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടപ്പോള്‍ ഒമ്പതു കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റി ഒപ്പംചേര്‍ത്ത് സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി നോക്കുന്നത് കുതിരക്കച്ചവടമല്ളേ എന്ന് സിബല്‍ തിരിച്ചുചോദിച്ചു. കോടതി ഒരു മറുപടിയും നല്‍കാതിരുന്നപ്പോള്‍ സിബല്‍ ചോദ്യം ആവര്‍ത്തിച്ചു. ഒടുവില്‍ അതും കുതിരക്കച്ചവടം തന്നെയെന്ന് ജസ്റ്റിസ് ദീപക് മിശ്ര സമ്മതിക്കുകയും ചെയ്തു.
ഹൈകോടതി ഉത്തരവിന്‍െറ വിധിപ്പകര്‍പ്പ് കിട്ടാത്തതിനാല്‍ വിധിതന്നെ മരവിപ്പിച്ച നടപടിയും സിബല്‍ ചോദ്യംചെയ്തു. ഒരിക്കലും കാണാത്ത ഒരു വിധി എന്താണെന്ന് പോലുമറിയാതെ എങ്ങനെയാണ് സുപ്രീംകോടതിക്ക് ചോദ്യം ചെയ്യാനാകുകയെന്നായിരുന്നു സിബലിന്‍െറ രണ്ടാമത്തെ ചോദ്യം. ഇടക്കാല ഉത്തരവ് എഴുതുന്നതുവരെ പലതവണ ഈ ചോദ്യം സിബല്‍ ആവര്‍ത്തിച്ചിട്ടും ബെഞ്ച് ഇതിനോട് പ്രതികരിച്ചില്ല. ഹൈകോടതി ഉത്തരവ് മരവിപ്പിക്കുന്നതിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ മറികടന്ന് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ നടപടി ശരിവെക്കുകയല്ളേ കോടതി ചെയ്യുന്നതെന്നായിരുന്നു സിബലിന്‍െറ മറ്റൊരു ചോദ്യം. അതിനും സുപ്രീംകോടതി പ്രത്യേകിച്ച് മറുപടിയൊന്നും നല്‍കിയില്ല.
ഉത്തരവ് ഇറക്കുംമുമ്പ് അപ്പീലില്‍ കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും ഹരീഷ് സാല്‍വെയും നടത്തിയ പ്രധാന മൂന്നു വാദങ്ങള്‍ക്കും മറുപടിപറയാന്‍ അനുവദിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി നിരവധിതവണ അപേക്ഷിച്ചെങ്കിലും അത്തരം വാദങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ളെന്ന് പറഞ്ഞ് സുപ്രീംകോടതി വിസമ്മതിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.