ഉയിഗൂര്‍ മുസ്ലിം നേതാവിന് വിസ; ചൈനക്ക് പ്രതിഷേധം
text_fieldsബെയ്ജിങ്: ഭീകരനെന്ന് ചൈന വിശേഷിപ്പിക്കുന്ന ഉയിഗൂര്‍ മുസ്ലിം വിമത നേതാവ് ദുല്‍കര്‍ ഈസക്ക് ഇന്ത്യ വിസ അനുവദിച്ചു. പ്രവാസി തിബത്തന്‍ സര്‍ക്കാറിന്‍െറ ആസ്ഥാനമായ ധരംശാലയില്‍ നടക്കുന്ന ‘ജനാധിപത്യ കോണ്‍ഗ്രസില്‍’ പങ്കെടുക്കാനാണ് വിസ അനുവദിച്ചത്.
ഇന്‍റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചയാള്‍ക്ക് വിസ അനുവദിച്ച ഇന്ത്യന്‍ നടപടിയില്‍ ചൈന കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ സിന്‍ജ്യങ് പ്രവിശ്യയില്‍ സ്വയംഭരണപ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഉയിഗൂര്‍ വംശജരുടെ പ്രവാസിസംഘടനയായ വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസിന്‍െറ നേതാവാണ് ദുല്‍കര്‍ ഈസ.
സിന്‍ജ്യങ്ങിലെ ജനങ്ങളെ കൊന്നൊടുക്കുന്നതിന് ഗൂഢാലോചന നടത്തുന്നയാളെന്ന് മുദ്രകുത്തി ചൈന ഭീകരനായി പ്രഖ്യാപിച്ച ഇദ്ദേഹം വര്‍ഷങ്ങളായി അഭയാര്‍ഥിയായി ജര്‍മനിയിലാണ് കഴിയുന്നത്. ചൈനീസ് പൊലീസും ഇന്‍റര്‍പോളും ഇദ്ദേഹത്തിനെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
1989ലെ ടിയാനന്‍മെന്‍ സ്ക്വയര്‍ പ്രക്ഷോഭത്തില്‍ പങ്കാളിയായിരുന്ന യാങ് ജിയാന്‍ലിയുടെ നേതൃത്വത്തിലുള്ള, യു.എസ് കേന്ദ്രമായ ‘സിറ്റിസണ്‍ പവര്‍ ഫോര്‍ ചൈന’യാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവാസത്തില്‍ കഴിയുന്ന ചൈനയിലെ ജനാധിപത്യ പ്രക്ഷോഭകര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. വിഘടനവാദിയെന്ന് ചൈനമുദ്രകുത്തിയ തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ 28 മുതല്‍ മേയ് ഒന്നുവരെയാണ് പരിപാടി.
ഇന്ത്യ ഇലക്ട്രോണിക് വിസ അനുവദിച്ചിട്ടുണ്ടെന്നും സന്ദര്‍ശിക്കണമെന്ന് ഏറ്റവും ആഗ്രഹമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ദുല്‍കര്‍ ഈസ പ്രതികരിച്ചു. റെഡ്കോര്‍ണര്‍ നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ യൂറോപ്യന്‍ യൂനിയന് പുറത്തുള്ള യാത്ര ദുഷ്കരമായതിനാല്‍ യാത്രയുടെ അന്തിമ രൂപരേഖയായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി കിഴക്കന്‍ തുര്‍ക്കിസ്താന് (സിന്‍ജ്യങ്) നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്‍റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച ഒരാളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടത് ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
പത്താന്‍കോട്ട് ഉള്‍പ്പെടെയുള്ള ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പാകിസ്താനിലെ മസ്ഊദ് അസ്ഹറിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഉപരോധം കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന അപ്രതീക്ഷിതമായി എതിര്‍ത്തതിന് പിന്നാലെയാണ് തിരിച്ചടിയെന്നോണം ഇന്ത്യയുടെ നടപടി. മസ്ഊദ് അസ്ഹറിനെതിരെ കൂടുതല്‍ തെളിവുകള്‍ വേണമെന്നായിരുന്നു ചൈനയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.