നഗരവത്കരണം മൂന്നു പതിറ്റാണ്ടില്‍ ഇരട്ടിയാവും –നിതി ആയോഗ്
text_fields
ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ നഗരവത്കരണം മൂന്നു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ 60 ശതമാനത്തിനു മുകളിലാകുമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗാരിയ. ഇക്കാലയളവില്‍ 7-9 ശതമാനത്തിലെങ്കിലും സാമ്പത്തിക വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്നും സിംഗപ്പൂര്‍ കോര്‍പറേഷന്‍ എന്‍റര്‍പ്രൈസസ്, ടിമാസക് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ നഗരാസൂത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നഗരവത്കരണം സാവധാനത്തിലാണ് സംഭവിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം ഇത് 31.6 ശതമാനമാണ്. നഗരവത്കരണമെന്നത് ഗ്രാമീണജനത നഗരങ്ങളിലേക്ക് മാറിത്താമസിക്കല്‍ മാത്രമല്ല മറിച്ച്, അനുബന്ധ നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളിലും ജീവിതനിലവാരത്തിലും ഉണ്ടാവുന്ന വികസനംകൂടിയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നഗരസഭകളുടെ വികസനവും മറ്റ് ഭരണ നിര്‍വഹണവും മുന്നില്‍ക്കണ്ട് തദ്ദേശ സ്വയംഭരണ ഓഫിസര്‍ കേഡറിന് രൂപംനല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് നിതി അയോഗ് അംഗം ബിബേക് ദെബ്രോയ് നിര്‍ദേശിച്ചു. സാമ്പത്തിക ദുര്‍ബലാവസ്ഥമൂലം പല നഗരസഭകളുടെയും നഗരങ്ങളുടെയും വികസനം വഴിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, യു.പി, അസം എന്നീ സംസ്ഥാനങ്ങളിലെ നഗരവികസന വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ പ്രതിനിധികളും അക്കാദമിഷ്യന്മാരുമാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.