ഡല്‍ഹിയില്‍ ജല എ.ടി.എം വരുന്നു
text_fieldsന്യൂഡല്‍ഹി: തലസ്ഥാനനഗരിയില്‍ ജല എ.ടി.എമ്മുകള്‍ വരുന്നു. ഡല്‍ഹിയിലെ മൂന്ന് നഗരസഭകളിലൊന്നായ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായി ജല എ.ടി.എം തുടങ്ങുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് 118 കേന്ദ്രങ്ങളില്‍ എ.ടി.എം സ്ഥാപിക്കാനാണ് പദ്ധതി. എ.ടി.എമ്മുകളുടെ രൂപകല്‍പന, നിര്‍മാണം, നടത്തിപ്പ് എന്നിവയെല്ലാം പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ്. ഏഴുവര്‍ഷത്തേക്കാണ് കരാര്‍. തിരക്കേറിയ സ്ഥലങ്ങളിലാണ് സ്ഥാപിക്കുക. മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്ന് എ.ടി.എം നടത്തിപ്പുകാര്‍ക്ക് വെള്ളം വാണിജ്യ നിരക്കില്‍ നല്‍കും. നിരക്ക് പിന്നീട് നിശ്ചയിക്കും. വര്‍ഷത്തില്‍ ഏഴുശതമാനം കണ്ട് നിരക്ക് വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
കാല്‍ ലിറ്റര്‍ മുതല്‍ 20 ലിറ്റര്‍ വരെ ശുദ്ധജലം പാത്രങ്ങളില്‍ നിറക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. ചെറിയ ഗ്ളാസുകള്‍ എ.ടി.എമ്മില്‍ തന്നെ ലഭ്യമാക്കും. മിനിറ്റില്‍ 12 ലിറ്റര്‍ വരെ നിറക്കാന്‍ സാധിക്കുന്നതാണ് യന്ത്രസംവിധാനങ്ങള്‍. രാവിലെ ആറുമുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. നടത്തിപ്പില്‍ വീഴ്ചവരുത്തിയാല്‍ പ്രതിദിനം 5,000 രൂപ വരെ പിഴചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.