ബി.ജെ.പി നീക്കം രാജസ്ഥാനും ഹരിയാനക്കും പിറകെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം
text_fieldsന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി സാമ്പത്തികസംവരണം പ്രമേയമാക്കി ചുവടുവെക്കുന്നു. രാജസ്ഥാനും ഹരിയാനക്കും പിന്നാലെയാണ് ഇപ്പോള്‍ സാമ്പത്തിക സംവരണത്തിനുള്ള ഗുജറാത്ത് സര്‍ക്കാറിന്‍െറ തീരുമാനം.
അതേസമയം, പട്ടേല്‍-പട്ടേദാര്‍ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തികസംവരണം നല്‍കാനുള്ള പുറപ്പാട് കോടതി കയറുമെന്നും ഭരണഘടനാപരമായി അസാധുവാക്കപ്പെടുമെന്നും വ്യക്തമാണ്. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രബലവിഭാഗങ്ങളുടെ രോഷം തണുപ്പിക്കാനും വോട്ടുബാങ്കായി തുടര്‍ന്നും നിലനിര്‍ത്താനുമാണ് ബി.ജെ.പി ഗുജറാത്തില്‍ ശ്രമിക്കുന്നത്. എന്നാല്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഓരോന്നായി, മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവരുന്നതിന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യംകൂടിയുണ്ട്.
ദേശീയതലത്തില്‍ സംവരണേതര ജാതിക്കാരെ ബി.ജെ.പിക്ക് അനുകൂലമായി ഒരു ചരടില്‍ കോര്‍ത്തെടുക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. മണ്ഡല്‍ സംവരണ പ്രക്ഷോഭം മുമ്പ് ബി.ജെ.പി പ്രയോജനപ്പെടുത്തിയതിന്‍െറ മറ്റൊരു പതിപ്പാണ് അണിയറയില്‍ തയാറാവുന്നത്. കേരളത്തില്‍ എന്‍.എസ്.എസ് അടക്കം, വിവിധ സംസ്ഥാനങ്ങളില്‍ സാമ്പത്തിക സംവരണാവശ്യം മുന്നോട്ടുവെക്കുന്ന വിഭാഗങ്ങള്‍ പലതുണ്ട്. സുപ്രീംകോടതിയില്‍ കേസും നിലനില്‍ക്കുന്നു.
ഗുജറാത്തില്‍ സംവരണേതര വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതോടെ സംസ്ഥാനത്ത് മൊത്തം സംവരണം 59.5 ശതമാനമായി ഉയരും. 50 ശതമാനത്തില്‍ താഴെയായിരിക്കണം സംവരണമെന്ന് സുപ്രീംകോടതി നേരത്തേ വിധിച്ചിട്ടുണ്ട്. അതുകൊണ്ട് പുതിയ സംവരണത്തിന് ഭരണഘടനാ സാധുതയില്ല.
ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍പെടുത്തി കോടതിയെ മറികടക്കാനും ബി.ജെ.പി ഇതിനിടയില്‍ ശ്രമിച്ചേക്കും. കേന്ദ്രാധികാരംകൂടി ഉപയോഗിച്ച് പട്ടേല്‍-പട്ടേദാര്‍ വിഭാഗങ്ങളുടെ സംവരണാവശ്യം നടപ്പാക്കിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതിന് ഈ ശ്രമങ്ങള്‍ മതിയാവുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
കോടതിവ്യവഹാരവും ഭരണഘടനാ ഭേദഗതി ശ്രമങ്ങളും ഒരുവശത്ത് തകൃതിയായി മുന്നോട്ടുപോകുന്നതിനിടയില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കടന്നുപോവുകയും ചെയ്യും.
രാജസ്ഥാന്‍, ഹരിയാന സര്‍ക്കാറുകളുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതുപോലെ ഗുജറാത്തിന്‍െറ സംവരണവും കോടതികയറും. എന്നാല്‍, സംവരണം നടപ്പാവുന്നതിനെക്കാള്‍, അതിന് ബി.ജെ.പി മുന്‍കൈയെടുക്കാതിരുന്നില്ല എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുകയാണ് ബി.ജെ.പിയുടെ യഥാര്‍ഥ ഉന്നം. ജനസംഖ്യയില്‍ 15 ശതമാനം വരുന്ന പട്ടേല്‍വിഭാഗം തീരുമാനത്തില്‍ പൂര്‍ണതൃപ്തരല്ളെന്ന വിഷയം ഇതിനിടയില്‍ ബാക്കി.
രാജസ്ഥാനില്‍ ഗുര്‍ജറുകളെ സമാധാനിപ്പിക്കാന്‍ കണ്ടത്തെിയ സംവരണ ഉപായത്തിന്‍െറ മറ്റൊരു രൂപമാണ് ഗുജറാത്തിലേത്. 2008ല്‍ ഗുര്‍ജറുകളെ പ്രത്യേക പിന്നാക്കവിഭാഗത്തില്‍പെടുത്തി അഞ്ചു ശതമാനം നല്‍കുകയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി 14 ശതമാനം ക്വോട്ട നല്‍കുകയും ചെയ്തു. കോടതിയില്‍ കേസ് ഇപ്പോഴും നടക്കുന്നു. രാജസ്ഥാനില്‍ ജാട്ട് പ്രക്ഷോഭം ഒതുക്കിയതും പ്രത്യേക സംവരണത്തിനുള്ള ബില്‍ നിയമസഭയില്‍ വെച്ചുകൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.