പ്രതിഷേധവുമായി ഡി.എം.കെ അംഗങ്ങൾ തമിഴ്നാട് നിയമസഭക്ക് പുറത്ത്
text_fieldsചെന്നൈ: തമിഴ്നാട് സ്പീക്കർ സസ്പെന്‍ഡ് ചെയ്ത ഡി.എം.കെ അംഗങ്ങൾ നിയമസഭക്ക് പുറത്തു പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിൽ നാലാം നമ്പർ ഗേറ്റിന് മുമ്പിലാണ് കുത്തിയിരുന്നു പ്രതിഷേധിച്ചത്. എം.കെ. സ്റ്റാലിനും മുതിർന്ന് നേതാവ് എസ്. ദുരൈ മുരുകനും നിയമസഭാ വളപ്പിൽ പ്രവേശിക്കാൻ എത്തിയപ്പോൾ സുരക്ഷാ സേനാംഗങ്ങൾ തടഞ്ഞു. ഇതുവാക്കുതർക്കത്തിന് വഴിവെച്ചു. പ്രവേശനം തടസപ്പെടുത്താൻ ഉത്തരവുണ്ടെങ്കിൽ കാണിക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെടുകയും ചെയ്തു. ഗേറ്റിന് പുറത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനെ എ.ഐ.എ.ഡി.ഐം.കെ അംഗം അപമാനിച്ചെന്നാരോപിച്ച് പ്രതിഷേധം ഇരമ്പിയതോടെയാണ് ബുധനാഴ്ച തമിഴ്നാട് നിയമസഭയിൽ അസാധാരണ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഡി.എം.കെ അംഗങ്ങളെ സഭയിൽ നിന്ന് കൂട്ടത്തോടെ പുറത്താക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ ‘നമുക്ക് നാമേ’ എന്ന ജനസമ്പര്‍ക്ക പരിപാടിയെ പരാമര്‍ശിച്ച് എ.ഐ.എ.ഡി.എം.കെ അംഗം എസ്. ഗുണശേഖരന്‍ പരിഹാസത്തോടെ രംഗത്തു വന്നതാണ് അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.
പരാമര്‍ശം രേഖയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ അംഗങ്ങള്‍ ബഹളം തുടങ്ങി. സ്പീക്കര്‍ പി. ധനപാല്‍ ആവശ്യം നിരസിച്ചതോടെ സഭ കൂടുതല്‍ പ്രക്ഷുബ്ധമായി. തുടര്‍ന്ന് ഡി.എം.കെയുടെ 89 അംഗങ്ങളെ പുറത്താക്കാന്‍ ഉത്തരവിടുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങളെ ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ഭവന, ഐ.ടി വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 234 അംഗ സഭയില്‍ ഡി.എം.കെക്ക് 89 അംഗങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.